ചരിത്ര നേട്ടവുമായി മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇതിലൂടെ മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമായി മഞ്ഞുമ്മൽ ബോയ്സ് മാറി.
റഷ്യയിലെ സോചിയിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിനു സെപ്റ്റംബർ 30ന് റെഡ് കാർപെറ്റ് സ്ക്രീനിംഗും തുടർന്ന് ഒക്ടോബർ 1 ന് ഫെസ്റ്റിവൽ സ്ക്രീനിംഗും ഉണ്ടായിരിക്കും. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചത്.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നു. തുടർന്ന് കൂട്ടത്തിൽ ഒരാൾ ഗുണ കേവിൽ അകപ്പെടുകയും അയാളെ രക്ഷിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുമാണ് സിനിമയുടെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.