രാമനാഥപുരം: രാമശ്വേരത്ത് നിന്ന് വീണ്ടും ശ്രീലങ്കന്‍ നാവിക സേന മത്സ്യത്തൊഴിലാളികളെ പിടികൂടി. അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് രാമേശ്വരം സ്വദേശികളായ 17 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തുടര്‍ നടപടികള്‍ക്കായി മാന്നാറിലേക്ക് കൊണ്ടുപോയി. പിന്നീട് തുടര്‍നടപടികള്‍ക്കായി അവിടെയുള്ള ഫിഷറീസ് വകുപ്പിന് കൈമാറും.
തങ്കച്ചിമഠം സ്വദേശികളായ സെല്‍വം, ഉയിര്‍തരാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകളിലായി രാമനാഥപുരം ജില്ലയിലെ തങ്കച്ചിമഠം സ്വദേശികളായ 17 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 29 ന് പുലര്‍ച്ചെ 3.30 ഓടെ നെടുന്തീവിനടുത്ത് വച്ചാണ് നാവികസേന ബോട്ടുകള്‍ പിടികൂടിയത്. ശനിയാഴ്ച രാമേശ്വരത്ത് നിന്ന് അഞ്ഞൂറോളം മോട്ടോര്‍ ബോട്ടുകള്‍ കടലിലിറങ്ങിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ കൂട്ടം ഐഎംബിഎല്ലിന് സമീപം മത്സ്യബന്ധനം നടത്തുമ്പോള്‍ ചിലര്‍ ശ്രീലങ്കന്‍ കടലിലേക്ക് പോയതായി പറയപ്പെടുന്നു.
ശ്രീലങ്കന്‍ കടലില്‍ അവശേഷിച്ച രണ്ട് ബോട്ടുകള്‍ ശ്രീലങ്കന്‍ പട്രോള്‍ യൂണിറ്റ് പിടികൂടുകയും മറ്റ് ബോട്ടുകളെ തുരത്തി ഓടിക്കുകയും ചെയ്തു. ഏകദേശം 55 ബോട്ടുകളും 400-ലധികം മത്സ്യത്തൊഴിലാളികളെയും 2024-ല്‍ ഇതുവരെ അതിര്‍ത്തി ലംഘനമെന്ന പേരില്‍ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ 17 മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനയും അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും തങ്കച്ചിമഠത്തില്‍ റോഡ് ഉപരോധിച്ചു.