ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. ലോക്കോ പൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് അമര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി. ഇന്ന് വൈകിട്ട് 4.15നായിരുന്നു സംഭവം നടന്നത്. പുഷ്പക് എക്സ്പ്രസ് കടന്നു വരുമ്പോഴാണ് ട്രാക്കില്‍ ടിയര്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തുന്നത്.മൂന്നാം തവണയാണ് ട്രാക്കില്‍ സംശയാസ്പദമായ വസ്തുക്കള്‍ കാണുന്നത്.
മുന്‍പ് ഗ്യാസ് സിലിണ്ടറുകളും കോണ്‍ക്രീറ്റ് തൂണുകളും കണ്ടെത്തിയിരുന്നു. മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്ക് പോവുകയായിരുന്ന തീവണ്ടി ഗോവിന്ദ്പുരി സ്റ്റേഷനു സമീപമുള്ള ഹോള്‍ഡിംഗ് ലൈനില്‍ എത്തിയപ്പോഴാണ് പാളത്തില്‍ അഗ്‌നി സുരക്ഷാ സിലിണ്ടര്‍ കിടക്കുന്നത് കണ്ടത്. തീവണ്ടിയുടെ വേഗത കുറവായിരുന്നുവെന്നും ഇത് ഒരു ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചതായും ഡ്രൈവര്‍ പറഞ്ഞു. ബന്ദ-മഹോബ റെയില്‍വേ ട്രാക്കില്‍ ഫെന്‍സിങ് തൂണ്‍ സ്ഥാപിച്ച് തടസ്സമുണ്ടാക്കിയതിന് 16 വയസ്സുള്ള കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു.