മലബാറിൽ സിപിഎമ്മിനെ വെട്ടിലാക്കിയ പി വി അൻവർ എംഎൽഎ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. വൻജനാവലിയുടെ സാന്നിധ്യത്തിൽ ആയിരുന്നു അൻവറിന്റെ രാഷ്ട്രീയ വിശദീകരണം. താന്‍ പാര്‍ട്ടിയുണ്ടാക്കുന്നില്ലെന്ന് പറഞ്ഞ പി വി അനവർ, ജനം പാര്‍ട്ടിയായാല്‍ പിന്നിലുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
കാലുവെട്ടിയാല്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട. എന്നെ എംഎല്‍എ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാന്‍ മറക്കൂല്ല. നിങ്ങള്‍ കാല് വെട്ടാന്‍ വന്നാലും ആ കാല് നിങ്ങള്‍ കൊണ്ടുപോയാലും ഞാന്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ജയിലിലില്‍ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാന്‍ ഏതായാലും ഒരുങ്ങി നില്‍ക്കുകയാണ് അദ്ദേഹം പറഞ്ഞു.
പല പാര്‍ട്ടികളും ഒപ്പം പോരാന്‍ വിളിച്ചു. എന്റെ പോക്ക് ജയിലിലേയ്ക്കാണ്. കേസെടുത്ത വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ കൂടെ നില്‍ക്കുന്നവരോട് പറഞ്ഞത് സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ്. അത് ജയിലില്‍ കിട്ടില്ല. ഞാന്‍ ഓരോ ദിവസവും ഓരോ മണിക്കൂറിലും തയ്യാറെടുത്ത് നില്‍ക്കുകയാണ്. എന്തും നേരിടാന്‍ തയ്യാറാണ്. താന്‍ വെടികൊണ്ട് വീണേക്കാം. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് മനുഷ്യര്‍ തിരിഞ്ഞു നിന്നു. വടകര മത്സരിച്ച ടീച്ചറുണ്ടായിരുന്നല്ലോ. വടകരയില്‍ ടീച്ചര്‍ തോറ്റത് പാര്‍ട്ടി പരിശോധിച്ചോ. അത് പരിശോധിക്കണമെന്നായിരുന്നു പാര്‍ട്ടിക്ക് കത്ത് കൊടുത്തത്. ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് കത്തു കൊടുത്തു. ഒരു ഹൈന്ദവ സഹോദരിയും ശബരിമലയില്‍ കയറാന്‍ തയ്യാറല്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ്. എന്തുകൊണ്ടാണ് ഈ പരാജയം എന്ന് പരിശോധിക്കണം. സിപിഐ പറഞ്ഞത് തന്നെയല്ലേ ഞാനും പറഞ്ഞിട്ടുള്ളൂവെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മാമി കേസ് എന്താണ് തെളിയാത്തതെന്നും അദ്ദേഹം ചോദിച്ചു. മാമി കൊലപാതകത്തിൽ അജിത് കുമാർ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ തെളിയും. മാമിയുമായി ഇടപാട് ഉള്ളവരെയെല്ലാം സ്വകാര്യമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതൊന്നും പൊലീസ് അറിയുന്നില്ല. വിളിച്ചുവരുത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥൻ വിരട്ടും. മാനക്കേട് ഭയന്ന് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഇവർ പറയും. അഞ്ചും പത്തും അമ്പത് ലക്ഷം വരെ കൊടുത്തവരുണ്ട്. ഈ വിഷയത്തിൽ ഞാൻ ഇടപെട്ടപ്പോഴാണ് അത് നിന്നത്. മാമിയുടെ കാര്യം എന്തായെന്ന് നാളെ കോഴിക്കോട് വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.