ഡല്‍ഹി; ഡല്‍ഹിയില്‍ സ്പീഡ് കുറയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസിനെ കാറിടിപ്പിച്ച് കൊന്നു. നംഗ്ലോയ് ഏരിയയിലാണ് ഇന്നലെ രാത്രി ഈ നടുക്കുന്ന സംഭവം നടന്നത്. 30 കാരനായ സന്ദീപെന്ന പോലീസ് കോണ്‍സ്റ്റബിളാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. ഇന്നലെ രാത്രിയിലെ പെട്രോളിംഗ് ഡ്യൂട്ടിക്കു ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന സന്ദീപിന്‍രെ ബൈക്കിനെ അമിത വേഗതയിലെത്തിയ ഒരു വാഗണര്‍ കാര്‍ മറികടക്കാന്‍ ശ്രമിച്ചു. കാറിന്‍രെ വേഗത കുറയ്ക്കാന്‍ സന്ദീപ് കാര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഡ്രൈവര്‍ പെട്ടെന്ന് കാറിന്റെ വേഗത കൂട്ടി സന്ദീപിന്റെ ബൈക്കില്‍ ഇടിച്ചു. മാത്രമല്ല, 10 മീറ്ററോളം ബൈക്കിനെയും സന്ദീപിനെയും വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ സന്ദീപ് മരിക്കുകയായിരുന്നു. അമ്മയും ഭാര്യയും അഞ്ച് വയസ്സുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗം ആയിരുന്നു സന്ദീപ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് കാര്‍ ഡ്രൈവറോട് വേഗത കുറയ്ക്കാന്‍ ആംഗ്യം കാണിക്കുന്നത് വീഡിയോയില്‍ കാണാം. കാറില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായി മറ്റ് പോലീസ് പറഞ്ഞു. ഇവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.