ബംഗളൂര്‍: കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ എഫ്‌ഐആര്‍. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ധനമന്ത്രിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ബെംഗളൂരു കോടതി ഉത്തരവിട്ടത്.
കേന്ദ്രമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനാധികര്‍ സംഘര്‍ഷ് പരിഷത്ത് (ജെഎസ്പി) ആദര്‍ശ് അയ്യര്‍ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. തിലക് നഗര്‍ പോലീസ് സ്റ്റേഷനോട് കോടതി നിര്‍ദ്ദേശിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്ഡ് എന്നത് സമ്മര്‍ദ്ദ തന്ത്രമാക്കി ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ ആരോപണം ഉയര്‍ത്തുന്നു. ഈ ഇലക്ടറല്‍ ബോണ്ടുകള്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ പണമാക്കിമാറ്റി. നിര്‍മലയും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.