ഭോപ്പാല്‍: മധ്യപ്രദേശിലെ ആശുപത്രിയില്‍ ആന്റിബയോട്ടിക് കുത്തിവച്ച കുട്ടികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. നീമുച്ച് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച 16 കുട്ടികള്‍ക്കാണ് ആന്റിബയോട്ടിക് കുത്തിവയ്പ്പിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. വിവിധ അണുബാധകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച 26 ഓളം കുട്ടികള്‍ക്ക് വെള്ളിയാഴ്ച രാത്രി ആന്റിബയോട്ടിക് സെഫ്റ്റ്രിയാക്‌സോണ്‍ കുത്തിവയ്പ്പ് നല്‍കിയതായിരുന്നു.
കുത്തിവയ്പ്പിന് ശേഷം കുട്ടികള്‍ക്ക് അമിതമായ വിറയല്‍, കടുത്ത പനി, ഛര്‍ദ്ദി, ശരീരത്തില്‍ കുമിളകള്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട 16 കുട്ടികളില്‍ മൂന്ന് പേരെ അവരുടെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി, മറ്റ് മൂന്ന് പേരെ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേയ്ക്ക് മാറ്റി. ഐസിയുവിലേക്ക് മാറ്റിയ മൂന്ന് കുട്ടികളുടെ നിലയും തൃപ്തികരമാണ്.
ആന്റിബയോട്ടിക് കുത്തിവയ്പ്പുകളുടെ സാമ്പിളുകള്‍ ഞങ്ങള്‍ വേര്‍തിരിച്ചിട്ടുണ്ട്, അവ ലബോറട്ടറി വിശകലനത്തിനായി അയച്ചുവെന്ന് എസ്ഡിഎം പറഞ്ഞു.മുന്‍പും ഇവിടെ ആന്റി ബയോട്ടിക് കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും എന്നാല്‍ വെള്ളിയാഴ്ച രാത്രി ഉപയോഗിച്ച കുപ്പികള്‍ ആശുപത്രി ജീവനക്കാര്‍ തുറന്ന പുതിയ പെട്ടിയില്‍ നിന്നാണ് എടുത്തതെന്നും ഒരു പക്ഷേ ഇതാകാം കുട്ടികളുടെ പെട്ടെന്നുള്ള അസ്വസ്ഥതയ്ക്ക് കാരണമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.