സംസ്ഥാനത്ത് സൂപ്പർ ക്ലാസ് ബസ്സുകളെ ഓവർ ടേക്ക് ചെയ്യരുതെന്ന് കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് കർശന താക്കീത് നൽകി അധികൃതർ. മത്സരയോട്ടം തടയാനും വരുമാന ചോർച്ച തടയാനുമാണ് കെഎസ്ആർടിസി ഇത്തരമൊരു അസാധാരണമായ ഉത്തരവ് പുറപ്പെടുവിക്കാൻ കാരണമെന്നാണ് വിശദീകരണം. കെ എസ് ആർ ടി സി അധികൃതർ തന്നെയാണ് ഇക്കാര്യം വിശദീകരിച്ചത്. യാത്രക്കാരുടെ നിരവധി പരാതികളെ തുടർന്ന് സെപ്തംബർ 25ന് ഇത് സംബന്ധിച്ച മെമ്മോറാണ്ടവും കെ എസ് ആർ ടി സി പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായും കൃത്യസമയത്തും എത്തിച്ചേരുവാൻ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി സൂപ്പർക്ലാസ് ബസുകളിൽ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നു. പ്രധാനമായതും പരിമിതവുമായ സ്റ്റോപ്പുകൾ മാത്രമാണ് സൂപ്പർക്ലാസ് ബസുകളിൽ അനുവദിക്കുന്നത്. ഇത് കൊണ്ട് തന്നെ ഈ ബസുകളിൽ ദൂരയാത്ര ചെയ്യുന്നവർക്ക് യാത്രാ സമയം കുറയ്ക്കാനും കഴിയും.
ചില സന്ദർഭങ്ങളിൽ മറ്റ് കെഎസ്ആർടിസി ലോ ക്ലാസ് ബസുകൾ സൂപ്പർ ക്ലാസിനു സൈഡ് കൊടുക്കാൻ വിസമ്മതിക്കുകയും ‘മിന്നൽ’ ഉൾപ്പെടെയുള്ള ബസുകളെ ഓവർ ടേക്ക് ചെയ്യുന്നതുമാണ് ഇത്തരം ഒരുത്തരവ് പുറപ്പെടുവിക്കുന്നതിലേക്ക് അധികൃതരെ നയിച്ചതെന്നാണ് വിവരം. കെഎസ്ആർടിസി ബസുകൾ മത്സര ഓട്ടത്തിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കെ എസ് ആർ ടി സി അധികൃതർ പറയുന്നു.
സൂപ്പർക്ലാസ് ബസുകളിൽ പ്രധാനമായും സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, മിന്നൽ, വോൾവോ ബസുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. നിരത്തിൽ മറ്റ് കെഎസ്ആർടിസി ബസുകൾ സൂപ്പർക്ലാസ് ബസുകൾക്കാണ് മുൻഗണന നൽകേണ്ടത്. ഒരു സാഹചര്യത്തിലും ഉയർന്ന ക്ലാസ് വിഭാഗത്തിൽപ്പെട്ട മറ്റൊരു ബസ്സിനെ മറികടക്കാൻ പാടില്ലെന്നാണ് പുതിയ നിർദേശം അനുശാസിക്കുന്നത്.
കൂടാതെ, ലോവർ ക്ലാസ് ബസുകൾ ആവശ്യാനുസരണം ഓവർടേക്ക് ചെയ്യുന്നതിനായി സൂപ്പർക്ലാസുകൾക്ക് സൈഡ് നൽകണമെന്നും നിരത്തിലെ അനാവശ്യ മത്സരയോട്ടം ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലുള്ള എല്ലാ ജീവനക്കാരും മാനേജ്മെൻറ്റ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും. സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
താക്കീതിന് പിന്നിൽ സ്വിഫ്റ്റിനും സൂപ്പർക്ലാസ്സുകൾക്കും തമ്മിലുള്ള മത്സരമോ?
സ്വിഫ്റ്റ് ലിമിറ്റഡ് നടത്തുന്ന പുതിയ ബസുകളും സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, മിന്നൽ തുടങ്ങിയ സൂപ്പർക്ലാസ് വിഭാഗത്തിലുള്ളവയും തമ്മിലുള്ള മത്സരത്തിൻ്റെ പശ്ചാത്തലത്തിലാണ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇപ്രകാരം ഒരു നിർദേശം പുറപ്പെടുവിച്ചതെന്നാണ് വിവരം.
സ്വിഫ്റ്റ് (SWIFT) ബസുകൾ സൂപ്പർക്ലാസ് ബസുകളെ മറികടക്കുന്ന നിരവധി സംഭവങ്ങളുണ്ട്. സൂപ്പർക്ലാസ് ബസുകളെ മറികടക്കാൻ സൈഡ് നൽകാൻ സ്വിഫ്റ്റ് ജീവനക്കാർ വിസമ്മതിക്കുന്നതായും പരാതികളുയർന്നു വരുന്നുണ്ട്. ലക്ഷ്യസ്ഥാനത്ത് ആദ്യം എത്തുന്നത് സൂപ്പർഫാസ്റ്റ് ബസുകളാണ്. സൂപ്പർക്ലാസ് ബസുകൾക്ക് കൂടുതൽ പണം നൽകുന്നതിനാൽ യാത്രക്കാർ സ്വാഭാവികമായും അസ്വസ്ഥരാണ്.
അതേസമയം,സ്വിഫ്റ്റ് ബസുകൾ ആദ്യം ബോർഡിംഗ് പോയിൻ്റുകളിൽ എത്തിയാൽ കാത്തിരിക്കുന്ന യാത്രക്കാർ അതിൽ കയറുകയും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യും. ഇതോടെ സൂപ്പർക്ലാസ് ബസുകളിൽ ആളുകൾ യാത്ര ചെയ്തിരുന്നെങ്കിൽ കെഎസ്ആർടിസിക്ക് ലഭിക്കുമായിരുന്ന അധിക വരുമാനം നഷ്ടമാകുമെന്ന സാഹചര്യമുണ്ടെന്നും അധികൃതർ പറയുന്നു.