തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നു. കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
എസ്ബിഐ എടിഎമ്മുകളാണ് കൊളളയടിച്ചത്. മോഷ്ടാക്കള്‍ എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തുകയായിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പൊലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. പിന്നില്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് സംശയം.