അലിഗഡ്; അലിഗഡില്‍ സ്‌കൂള്‍ ബാഗ് മറന്ന യുകെജി വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ബാഗ് മറന്നതിന് ഏഴുവയസ്സുകാരന്റെ വസ്ത്രം വലിച്ച് കീറുകയും വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്തുവെന്നാണ് കുട്ടി പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പോലീസിനോട് വ്യക്തമാക്കി.
ഖേരേശ്വര് ധാം ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ജെയിംസിനാണ് ക്രൂരപീഡനം ഏറ്റത്. ദിലീപ് കുമാറിന്റെ മകനാണ് ജെയിംസ്. സാധാരണ കുട്ടിയുടെ പിതാവാണ് സ്‌കൂളിലാക്കുന്നത്. സംഭവ ദിവസം ദിലീപ് നഗരത്തിന് പുറത്തായിരുന്നു, കുട്ടിയുടെ അമ്മയ്ക്ക് സുഖമില്ലായിരുന്നു. അത് കൊണ്ട് കുട്ടിയുടെ മുത്തച്ഛന്‍ ആണ് സ്‌കൂളില്‍ വിട്ടത്.
അദ്ദേഹം പോയതോടെ അധ്യാപകന്‍ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും ഊരിമാറ്റി വൈദ്യുതാഘാതം ഏല്‍പ്പിച്ചെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. മര്‍ദനമേറ്റ കുട്ടി വീട്ടില്‍ തിരിച്ചെത്തി സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍ വിവരിച്ചു. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആരോപണം നിഷേധിച്ചിരിക്കുകയാണ്.