88കാരനായ ഇവാവോ ഹകമാഡയെയാണ് കോടതി വെറുതെ വിട്ടത്
ജപ്പാന്‍; ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനെ ജപ്പാന്‍ കോടതി വെറുതെ വിട്ടു. 88കാരനായ ഇവാവോ ഹകമാഡയെയാണ് കോടതി വെറുതെ വിട്ടത്. 56 വര്‍ഷമായി തന്റെ വധശിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു. 1968-ല്‍ തന്റെ ബോസിനെയും ഭാര്യയെയും അവരുടെ കൗമാരപ്രായക്കാരായ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്.അദ്ദേഹത്തിനെതിരെ ഉപയോഗിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനാലാണ് ഇപ്പോള്‍ വെറുതെ വിട്ടത്.
56 വര്‍ഷം വധശിക്ഷയ്ക്ക് വിധേയനായി ജയിലില്‍ കഴിഞ്ഞതിനാല്‍ തന്നെ ഹകമാഡയുടെ മാനസികാരോഗ്യം വളരെ മോശമായി. ഒടുവില്‍ കുറ്റവിമുക്തനാക്കിയ വിചാരണയില്‍ ഹാജരാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ജപ്പാനിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും പ്രശസ്തവുമായ കേസാണ് ഹകമാഡയുടെ കേസ്. വളരെ പ്രാധാന്യമുള്ളതിനാല്‍ തന്നെ ഈ കേസില്‍ വിധി പുറപ്പെടുവിക്കുന്നത് കേള്‍ക്കാനായി ഷിസുവോക്കയിലെ കോടതിയില്‍ 500 ഓളം പേര്‍ ഉണ്ടായിരുന്നു.
വിധി പുറപ്പെടുവിച്ചപ്പോള്‍, കോടതിക്ക് പുറത്ത് ഹകമാഡയുടെ അനുയായികള്‍ ‘ബന്‍സായി’ – ‘ഹുറേ’ എന്നര്‍ത്ഥമുള്ള ഒരു ജാപ്പനീസ് അഭിവാദ്യങ്ങള്‍ ഉറക്കെ വിളിച്ചു.മാനസികനില വഷളായതിനാല്‍ എല്ലാ ഹിയറിങ്ങില്‍ നിന്നും ഒഴിവാക്കപ്പെട്ട ഹകമാദ, 2014 മുതല്‍ ജയിലില്‍ നിന്ന് മോചിതനായിരുന്നു. പുനരന്വേഷണം അനുവദിച്ചപ്പോള്‍ മുതല്‍ 91 വയസ്സുള്ള സഹോദരി ഹിഡെക്കോയുടെ സംരക്ഷണയിലാണ് കഴിയുന്നത്.തന്‍രെ സഹോദരന്‍ കുറ്റവാളിയല്ല’ എന്ന വാക്കുകള്‍ കേട്ടപ്പോള്‍ വലിയ സന്തോഷമായി എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് സഹോദരി പറഞ്ഞു.