പുതുക്കോട്ട; തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കാറിനുള്ളില്‍ നിന്ന് അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ലഭിച്ചു. ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിലാണ് അഞ്ച് പേര്‍ ആത്മഹത്യ ചെയ്‌തെന്ന് വ്യക്തമാകുന്ന തരത്തില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. കുടുംബം വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്.
ത്രിച്ചി-കാരൈക്കുടി ദേശീയപാതയോരത്താണ് കാര്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്.കുടുംബം വിഷം കഴിച്ച് കാറില്‍ പൂട്ടിയിരിക്കുകയായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.പുതുക്കോട്ട ജില്ലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സേലം സ്വദേശികളാണ് മരണപ്പെട്ടത്. 50 കാരനായ വ്യവസായി മണികണ്ഠന്‍, ഭാര്യ നിത്യ, അമ്മ സരോജ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
വിഷം കഴിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെങ്കിലും പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. സാമ്പത്തികബാധ്യത ഉണ്ടായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.