2023 – ജൂൺ മുതൽ 2024 – ജൂലൈ വരെ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി മാറ്റമില്ലാതെ തന്നെ തുടരുന്നതായി റിപ്പോർട്ട് . 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്കാണ് മാറ്റമില്ലാതെ തുടരുന്നതെന്ന് പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേയുടെ കണക്കുകൾ പറയുന്നത്. ഇത് തൊഴിൽ വിപണിയിലെ തകർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2022-23 ലെ 2.4 ശതമാനത്തിൽ നിന്നും 2023-24 ൽ 2.5 ശതമാനമായി വർധിച്ചു . അതേസമയം, നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഈ കാലയളവിൽ 5.4 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഈ ഒരു വർഷ കാലയളവിൽ ആനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിഞ്ഞില്ലെന്നതിനെയാണ് സൂചിപ്പിക്കുന്നത്. .
2017 ഏപ്രിലിൽ ആദ്യമായി വാർഷിക സർവേ ആരംഭിച്ചതിന്പിന്നാലെ ഇതാദ്യമായാണ് 15 വയസ് പ്രായമുള്ള വ്യക്തികളുടെ സാധാരണ ഗതിയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 8 വർഷ കാലയളവിൽ സ്തംഭനാവസ്ഥയിലാവുന്നത്.
അതേസമയം, സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 2022-23 ലെ 2.9 ശതമാനത്തിൽ നിന്ന് 2023-24 ൽ 3.2 ശതമാനമായി ഉയർന്നു. എന്നാൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 3.3 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. സ്വയം തൊഴിൽ പര്യാപ്‌തതയിലൂടെയും തൊഴിലുറപ്പ് പദ്ധതികളിലൂടെയുമാണ് സ്ത്രീകളുടെ വർക്ക് ഫോഴ്സ് പാർട്ടിസിപേഷനിൽ വർധനവ് വന്നിരിക്കുന്നത്.
അതേസമയം, ഏറ്റവും പുതിയ ഡാറ്റകൾ പ്രകാരം, രാജ്യത്ത് ലേബർ ഫോഴ്സ് പാർട്ടിസിപേഷൻഉയർന്നു . 2022-23 ലെ 57.9 ശതമാനത്തിൽ 2023-24 ൽ 60.1 ശതമാനമായി വർധിച്ചു. ഗ്രാമീണ എൽഎഫ്‌പിആർ 2022-23 ലെ 60.8 ശതമാനത്തിൽ നിന്ന് 63.7 ശതമാനമായി ഉയർന്നു, അതേസമയം അതിൻ്റെ നഗരങ്ങളിൽ ഇതേ കാലയളവിൽ 50.4 ശതമാനത്തിൽ നിന്ന് 52 ശതമാനമായി ഉയർന്നു. സ്ഥിരം വരുമാനം ഉള്ളവരുടെയും കൂലി’പണിക്കരുടെയും വിഹിതം 2022-23 ലെ 20.9 ശതമാനത്തിൽ നിന്ന് 2023-24 ൽ 21.7 ശതമാനമായി വർദ്ധിച്ചു. മറുവശത്ത്, ശമ്പളമില്ലാത്ത ഗാർഹിക ജോലിയോ ചെറുകിട ബിസിനസ്സ് നടത്തുന്നതോ ഉൾപ്പെടെയുള്ള സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ വിഹിതം 57.3 ശതമാനത്തിൽ നിന്ന് 58.4 ശതമാനമായി ഉയർന്നിരിക്കുകയാണ്.