നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ എട്ടിനുള്ള, സ്പെയിനിൻ്റെ പട്ടികയിൽ റാഫേൽ നദാലും കാർലോസ് അൽകാരസും ഇടംപിടിച്ചു. നദാൽ-ക്കരാസ് ഡബിൾസ് കൂട്ടുകെട്ട് സാധ്യതയാണ് വരാനിരിക്കുന്ന ഡേവിസ് കപ്പിൽ ആരാധകരുടെ പ്രതീക്ഷ.
നദാലിൻ്റ അവസാന മത്സരമാകാനും ഈ ഡേവിസ് കപ്പ് സാധ്യതയുണ്ട്. 22 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ 38 വയസ്സുള്ള നദാൽ, പാരീസ് ഗെയിംസിന് ശേഷം ഒരിടത്തും മത്സരിച്ചിട്ടില്ല. പാരീസിൽ സിംഗിൾസിൻ്റെ രണ്ടാം റൗണ്ടിൽ എതിരാളിയായ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടു. പുരുഷ ഡബിൾസിൽ അൽകാരസുമായി ചേർന്ന് ക്വാർട്ടർ ഫൈനലിലെത്തി. അമേരിക്കക്കാരായ ഓസ്റ്റിൻ ക്രാജിസെക്, രാജീവ് റാം എന്നിവർക്കെതിരെയാണ് മത്സരിച്ചത്.
റോബർട്ടോ ബൗട്ടിസ്റ്റ അഗട്ട്, പാബ്ലോ കരേനോ, മാർസെൽ ഗ്രാനോല്ലേഴ്‌സ് എന്നിവർക്കൊപ്പം ക്യാപ്റ്റൻ ഡേവിഡ് ഫെററിൻ്റെ സ്‌പെയിൻ ടീമിൽ ലോക മൂന്നാം നമ്പർ താരം അൽകാരസും ഉണ്ട്.ലേവർ കപ്പിൽ, ടീം വേൾഡിനായി അൽകാരാസ് കളിച്ച്, ടീമിന് എട്ട് പോയിൻ്റ് നേടിക്കൊടുത്തു. മത്സരത്തിൽ ഏറ്റവുമധികം നീക്കങ്ങൾ നടത്തിയ താരമാണ് അൽകാരാസ്.
പോരാട്ടങ്ങൾ
ആറ് തവണ ചാമ്പ്യൻമാരായ സ്പെയിൻ,നവംബർ 19 ന് ആരംഭിക്കുന്ന ക്വാർട്ടർ ഫൈനലിൽ നെതർലാൻഡിനെ നേരിടും. 2013ന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടം ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, അർജൻ്റീനയെ നേരിടും.
ടെയ്‌ലർ ഫ്രിറ്റ്‌സ്, ബെൻ ഷെൽട്ടൺ, ടോമി പോൾ എന്നിവരടങ്ങുന്ന അമേരിക്ക ഓസ്‌ട്രേലിയയെയും ജർമ്മനി കാനഡയെയും നേരിടും.