അജിത് കുമാറിനെതിരെയുള്ള അന്വേഷണം തമാശയെന്ന് പിവി അൻവർ

ആര്‍എസ്എസുമായി രഹസ്യ ചർച്ച നടത്തിയ എഡിജിപിയെ പിരിച്ചു വിടണമെന്നും ഭരണപക്ഷ എംഎൽഎ അന്‍വര്‍ ആവശ്യപ്പെട്ടു.

എഡിജിപി അജിത് കുമാറിനെതിരെയുള്ള അന്വേഷണം 2024 ലെ ഏറ്റവും വലിയ തമാശയെന്ന് പിവി അൻവർ. ആര്‍എസ്എസുമായി രഹസ്യ ചർച്ച നടത്തിയ എഡിജിപിയെ പിരിച്ചു വിടണമെന്നും ഭരണപക്ഷ എംഎൽഎ അന്‍വര്‍ ആവശ്യപ്പെട്ടു. ഇനി പരസ്യ പ്രസ്താവന പാടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്നറിയിപ്പ് അവഗണിച്ചാണ് വീണ്ടും അൻവർ പ്രതികരണവുമായി രംഗത്തെത്തിയത്.

ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച്, ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരംകലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി അന്‍വര്‍ പരിഹസിച്ചു. മുഖ്യമന്ത്രിക്ക് കാര്യങ്ങൾ തെളിയാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുവട്ടമല്ല 10000 വട്ടം ആര്‍എസ്എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും. ഇത് ആര്‍ക്കാണ് മനസ്സിലാകാത്തതെന്നും അൻവർ ചോദിച്ചു. പിന്നെ എന്തിനാണ് അന്വേഷണമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാൻ സമയമെടുക്കുമായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. സിപിഎം വിലക്കിയതിനെ തുടർന്ന് ഇനി പരസ്യ പ്രസ്താവനയ്ക്ക് ഇല്ലെന്ന് അൻവർ പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ അൻവർ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.

അതേസമയം എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം ഉണ്ടെന്ന് തെറ്റി ധരിപ്പിച്ചെങ്കിലും പിന്നാലെ അന്വേഷണം ഇല്ലെന്ന വിവരം പുറത്തുവന്നതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണത്തിൻ്റെ ഭാഗമായി ആര്‍എസ്എസ് നേതാവ് എ ജയകുമാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഇൻ്റലിജന്‍സ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്. ദത്താത്രേയ ഹൊസബളെയുമായി എഡിജിപി നടത്തിയ രഹസ്യ ചർച്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആര്‍എസ്എസ് നേതാവ് എ ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ആരോപണം. മന്ത്രിസഭാ സമ്മേളനത്തിൽ ഉൾപ്പെടെ പിണറായി അജിത് കുമാറിനെ സംരക്ഷിച്ചതും ഘടക കക്ഷികൾക്ക് ഇടയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments