ആംബുലൻസ് സേവനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് സംസ്ഥാന സർക്കാർ ഏകീകൃത താരിഫ് നടപ്പിലാക്കും. ആംബുലൻസ് ഉടമകളുടെയും ജീവനക്കാരുടെയും യൂണിയൻ പ്രതിനിധികളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തിയ യോഗത്തിന് ശേഷമാണ് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചത്. പത്ത് കിലോമീറ്റര്‍ വരെയുള്ള ഓട്ടത്തിനാണ് മിനിമം ചാര്‍ജ് ഈടാക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഐസിയു, വെൻ്റിലേറ്റർ സൗകര്യങ്ങളുള്ള ‘ഡി’ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് കുറഞ്ഞത് ₹2,500, തുടർന്നുള്ള ഓരോ കിലോമീറ്ററിന് ₹50, ഒരു മണിക്കൂറിന് ₹350 വെയിറ്റിംഗ് ചാർജും ഈടാക്കും. ആംബുലൻസിൽ ടെക്‌നീഷ്യൻ്റെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാകും.
ഐ.സി.യു. സംവിധാനമുള്ള എയര്‍ കണ്ടീഷന്‍ ഡി-ലെവല്‍ ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 2500 രൂപയാണ്. പത്ത് കിലോമീറ്റര്‍ കഴിഞ്ഞുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് 50 രൂപ വെച്ചാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനമുള്ള ആംബുലന്‍സുകള്‍ക്ക് വെയിറ്റിങ്ങ് ചാര്‍ജായി മണിക്കൂറിന് 350 രൂപ വെച്ച് ഈടാക്കാനും അനുമതി നല്‍കുന്നുണ്ട്. ആശുപത്രിയില്‍ എത്തി ആദ്യമണിക്കൂറിന് ശേഷം പിന്നീടുള്ള സമയത്തിനാണ് ഈ ചാര്‍ജ് ഈടാക്കുന്നത്.
ട്രാവലര്‍ പോലുള്ള വാഹനങ്ങളില്‍ ഒരുങ്ങിയിട്ടുള്ള എയര്‍ കണ്ടീഷന്‍ സംവിധാനവും ഓക്‌സിജന്‍ സിലണ്ടറുമുള്ള ആംബുലന്‍സുകളെ സി-ലെവല്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് 1500 രൂപയാണ് മിനിമം ചാര്‍ജ്. ഈ തുകയില്‍ ഓടാവുന്ന കിലോമീറ്റര്‍ 10 കിലോമീറ്റര്‍ തന്നെയാണ്. ഇത്തരം ആംബുലന്‍സുകളുടെ വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപ വെച്ച് ഈടാക്കാനാകും. ഇത്തരം ആംബുലന്‍സിന് അധികം വരുന്ന കിലോമീറ്ററിന് 40 രൂപ വീതം ഈടാക്കാനാകും.
ട്രാവലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ തന്നെ ഒരുങ്ങിയിട്ടുള്ള നോണ്‍ എ.സി. ആംബുലന്‍സുകളെ ബി-ലെവല്‍ എന്ന കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് മിനിമം ചാര്‍ജ് 1000 രൂപയാണ് ഈടാക്കാവുന്നത്. ഇത്തരം ആംബുലന്‍സുകള്‍ക്ക രണ്ടാം മണിക്കൂര്‍ മുതല്‍ 200 രൂപ വീതം വെയിറ്റിങ് ചാര്‍ജ് കണക്കാക്കും. 10 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമാണ് അധികമായി നല്‍കേണ്ടത്.
മാരുതി ഓമ്‌നി, ഇക്കോ, മഹീന്ദ്ര ബൊലേറോ തുടങ്ങി ആര്‍.ടി.ഒ. അംഗീകരിച്ച മറ്റ് ചെറിയ ആംബുലന്‍സുകളെ എ-ലെവലായാണ് പരിഗണിക്കുന്നത്. ഇവയില്‍ എ.സി. സംവിധാനമുള്ളവയ്ക്ക് 800 രൂപയാണ് മിനിമം ചാര്‍ജ്. വെയിറ്റിങ് ചാര്‍ജ് ഒരു മണിക്കൂറിന് ശേഷം 200 രൂപ വീതും ഈടാക്കും. കൂടുതലായി വരുന്ന ഓരോ കിലോമീറ്ററിനും 25 രൂപ വെച്ചാണ് അധികമായി വാങ്ങുക. ഇവയില്‍ തന്നെ എ.സി. ഇല്ലാത്ത ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപയാണ്. വെയിറ്റിങ് ചാര്‍ജ് 150 രൂപയും കിലോമീറ്ററിന് 20 രൂപയുമായിരിക്കും നിരക്ക്.