
കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും.
ആലുവ സ്വദേശിയുടെ പരാതിയിൽ കൊച്ചിയിലെ എസ്ഐടി ഓഫീസിൽ ഹാജരാകാൻ നടന് നോട്ടീസ് നൽകിയിരുന്നത്. അമ്മ സംഘടനയുടെ അഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതിനായി ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കൂടാതെ, ബലാത്സംഗം, സ്ത്രീതത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. തെളിഞ്ഞാൽ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
എറണാകുളം ടൗൺ നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ ഓഗസ്റ്റ് 28ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പരാതിക്കാരിയെ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ഇടവേള ബാബു ഉൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു നടി പരാതി നൽകിയത്. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് ആലുവ സ്വദേശി ആരോപണം ഉന്നയിച്ചത്.