FootballSports

കിലിയന്‍ എംബാപ്പെക്കെതിരായ ബലാത്സംഗ ആരോപണം: പ്രതികരിച്ച് താരം

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണത്തിൽ കേസെടുത്ത് സ്വീഡിഷ് പോലീസ്. 25കാരനായ ഫുട്‌ബോള്‍ കളിക്കാരന്‍ അടുത്തിടെ സ്റ്റോക്ക്‌ഹോമില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് ലൈംഗികാരോപണം ഉണ്ടായത്.

സ്വീഡിഷ് പത്രങ്ങളിൽ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് സ്വീഡിഷ് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിക്കാന്‍ ഉത്തരവിടുകയും, പിന്നീട് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ 10ന് ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നും കൂടുതല്‍ വിവരങ്ങളൊന്നും തല്‍ക്കാലം പങ്കിടാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എംബാപ്പെയെ പ്രതിയെന്ന് സ്വീഡിഷ് പത്രമായ എക്സ്പ്രെസെന്‍ റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെയെ സംശയിക്കുന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി മറ്റുമാധ്യമങ്ങളായ അഫ്ടോണ്‍ബ്ലാഡെറ്റും എസ്വിടിയും പുറത്തുവിട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സിൻ്റെ നേഷന്‍സ് ലീഗ് മത്സരങ്ങളില്‍ എംബാപ്പെ കളിച്ചിരുന്നില്ല. ഇതിനിടെയാണ് താരം സ്റ്റോക്ക്‌ഹോം സന്ദര്‍ശിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബാപ്പെ അന്നു രാത്രി ചെസ് ജോളി റെസ്റ്റോറൻ്റ് സന്ദർശിച്ചിരുന്നു. നൈറ്റ്ക്ലബിലേക്ക് പോകുന്നതിന് മുമ്പായിരുന്നു സംഭവം നടന്നത്. പിന്നീട് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് എംബാപ്പെയും സംഘവും വെള്ളിയാഴ്ച സ്ഥലം വിടുകയും ചെയ്തു. ഇതേ തുടർന്നാണ് പരാതിക്കാരി ആരോപണവുമായി എത്തിയത്.

സംഭവത്തിന് പിന്നാലെ എംബാപ്പെയുടെ പ്രതികരണവുമെത്തി. സ്വീഡിഷ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് എംബാപ്പെ എക്‌സില്‍ കുറിച്ചിട്ടു. സ്വീഡിഷ് മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ആരോപണം അംഗീകരിക്കാനാവില്ലെന്നും എംബാപ്പെയുടെ മീഡിയ ടീം എഎഫ്പിക്ക് അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *