ജോണിലൂക്കോസ് നേരും ചൊവ്വും ഇല്ലാത്തവനെന്ന് പറയാതെ വയ്യ

ജോണിലൂക്കോസിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി ജോമോൻ പുത്തൻ പുരയ്ക്കൽ

ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ ആകരുത് എന്നതിൻ്റെ ഉദാഹരണമായി ജോണി ലൂക്കോസിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന ആത്മകഥ എഴുതിയപ്പോൾ അതിൽ ഉൾപ്പെടുത്താതെ മാറ്റിവെച്ച ഒരു കാര്യമാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

2020 ഡിസംബർ 23 ന് അഭയ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ച ആ സമയത്ത് കാണുവാൻ വന്ന റേറ്റിംഗിൽ ഒന്നാം സ്ഥാനത്തുള്ള ഒരു മലയാളം ന്യൂസ് ചാനലിന്റെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററോട് വെളിപ്പെടുത്തുവാൻ പോകുന്ന കാര്യം അന്ന് പറഞ്ഞിരുന്നു. 2006 ഓഗസ്റ്റ് 17ന് നിലവിൽ വന്ന മനോരമ ന്യൂസ് ചാനലിന്റെ മേധാവി ജോണി ലൂക്കോസിനെ കുറിച്ച് പറയുവാൻ ബാക്കിവച്ചതാണ് ഇക്കാര്യം. അദ്ദേഹം മലയാള മനോരമ പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് ആയി പ്രവർത്തിക്കുന്ന സമയത്തുണ്ടായ സംഭവമാണ് ജോമോൻ പുത്തൻപുരയ്ക്കൽ വിവരിക്കുന്നത്.

1994ൽ അഭയകേസിന്റെ സമരം സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തിയതിനു ശേഷം അതിന്റെ വാർത്ത നൽകുവാൻ വേണ്ടി മനോരമ പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ഓഫീസിൽ ചെന്നപ്പോൾ ജോണി ലൂക്കോസ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ജോണി എന്നോട് അഭയ കേസിലെ പ്രതികൾ ആരാണെന്നാണ് നിങ്ങൾ സംശയിക്കുന്നത് എന്ന് ചോദിച്ചു. പ്രതികളെ സി.ബി.ഐ ആണ് കണ്ടെത്തേണ്ടതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ മറുപടി നൽകി. പ്രതി ആരാണെന്നാണ് നിങ്ങൾ കരുതുന്നത് എന്ന് ജോണി വീണ്ടും ചോദിച്ചു. അത് അന്വേഷണ ഏജൻസി ആണ് കണ്ടെത്തേണ്ടതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ വീണ്ടും പറഞ്ഞു.

ഫാ.തോമസ് കോട്ടൂരിനെ സംശയിക്കുന്നുണ്ടോ എന്നാണ് ജോണി അടുത്തതായി ചോദിച്ചത്. ഫാ.കോട്ടൂരും സംശയിക്കുന്നവരിൽപെടും എന്ന് അപ്പോൾ മറുപടി നൽകി. അതിനുശേഷം ഒരുമാസം കഴിഞ്ഞു. സിസ്റ്റർ അഭയയുടെ രണ്ടാം ചരമവാർഷിക ദിനമായ 1994 മാർച്ച് 27ന് കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന ധർണ്ണയ്ക്കിടയിൽ തൊട്ടടുത്തുള്ള കുമരകം ഹോട്ടലിൽ ചായ കുടിക്കാൻ പോയപ്പോൾ അവിടെ ഫാ.തോമസ് കോട്ടൂർ എത്തി.

റോഡിൽ തടഞ്ഞു നിർത്തി ഞാനാണ് പ്രതിയെന്ന് നീ പലരോടും പറഞ്ഞില്ലേ എന്ന് ചോദിച്ചു. ആരോടും പറഞ്ഞിട്ടില്ലെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ മറുപടി പറഞ്ഞു. നീ തിരുവനന്തപുരത്ത് പോയി മനോരമ പത്രത്തിന്റെ റിപ്പോർട്ടർ ജോണി ലൂക്കോസിനോട് പറഞ്ഞില്ലേ എന്ന് ചോദിച്ചു. ഞാൻ ഞെട്ടിപ്പോയി. ഞെട്ടലിൽ നിന്നുകൊണ്ടു തന്നെ പറഞ്ഞിരുന്നുവെന്ന് മറുപടി കൊടുത്തു. ഇനി നീ ആരോടെങ്കിലും പറഞ്ഞാൽ പോലീസിനെ കൊണ്ട് പിടിപ്പിച്ച് അകത്താക്കും എന്നെന്നെ ഫാദർ കോട്ടൂർ ഭീഷണിപ്പെടുത്തി. നമുക്ക് കാണാം എന്ന് ഞാൻ മറുപടിയും പറഞ്ഞു.

പ്രതി ഫാ തോമസ് കോട്ടൂർ എന്നെ ഭീഷണിപ്പെടുത്തിയ ഈ കാര്യം ഞാൻ സി.ബി.ഐ കോടതിയിൽ വിചാരണാ ഘട്ടത്തിൽ മൊഴി നൽകിയിരുന്നു. കൂടാതെ ദൈവത്തിന്റെ സ്വന്തം വക്കീലെന്ന എന്റെ ആത്മകഥാ പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്. ജോണി ലൂക്കോസ് എന്ന മാദ്ധ്യമപ്രവർത്തകൻ തന്റെ പത്രത്തിൽ എഴുതാൻ വേണ്ടിയിട്ടല്ല എന്നോട് അത് ചോദിച്ചത്. എഴുതിയിട്ടുമില്ല. പകരം പ്രതിക്ക് ചോർത്തികൊടുക്കുവാൻ വേണ്ടിയാണ് എന്നെക്കൊണ്ട് അത് പറയിച്ചതെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നു.

ആദ്യ രണ്ടു തവണ ചോദിച്ചിട്ടും പറഞ്ഞിട്ടില്ല. പിന്നീട് ഫാ.കോട്ടൂരിൻ്റെ പേരെടുത്ത് ചോദിച്ചപ്പോഴാണ് അയാളും സംശയിക്കുന്നവരിൽപെടും എന്ന് പറഞ്ഞത്. ജോണി ലൂക്കോസിന്റെ ഈ പ്രവർത്തി മാദ്ധ്യമപ്രവർത്തനം അല്ല, പ്രതികൾക്ക് വേണ്ടിയുള്ള വിടുവേലയാണെന്ന് വ്യക്തമാണ്. ജോണി ലൂക്കോസ് അന്നുമുതൽ ഇന്നുവരെ വേട്ടക്കാരോടൊപ്പം നിന്ന് ആനുകൂല്യങ്ങൾ പറ്റി. ഒരു മാദ്ധ്യമ പ്രവർത്തകൻ എങ്ങനെ ആകരുത് എന്ന് ഉത്തമ ഉദാഹരണമാണ് ജോണി ലൂക്കോസ്.

94 മുതൽ ഇതുവരെ 30 വർഷത്തിനിടയിൽ ജോണി ലൂക്കോസിന്റെ മാദ്ധ്യമപ്രവർത്തനം കളങ്കിതനായി തുടരുന്നതുകൊണ്ടാണ് ആരെങ്കിലും ഇതൊക്കെ തുറന്നുപറയാൻ വേണ്ടേ എന്ന് വിചാരിച്ച് ഞാൻ പറയുന്നത്. 94ൽ ഈ സംഭവം നടന്ന് 12 വർഷത്തിന് ശേഷം പത്രത്തിൽ നിന്ന് മാറി ജോണി ചാനലിൻ്റെ ചുമതലയിലേക്ക് വന്നു. 2006 ആഗസ്റ്റ് 17ന് മനോരമ ന്യൂസ് ചാനൽ തുടങ്ങിയപ്പോൾ അതിന്റെ മേധാവിയായി.

2008 നവംബർ 18ന് അഭയ കേസിലെ പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്ത സമയത്തും, 2020 ഡിസംബർ 23ന് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി വിധിച്ചപ്പോഴും കേരളത്തിലെ ന്യൂസ് ചാനലുകളെല്ലാം ചർച്ച ചെയ്തു. അന്ന് വൈകിട്ട് എട്ടുമണിക്കുള്ള അന്തിചർച്ചയിൽ ജോമോൻ പുത്തൻപുരയ്ക്കൽ ഇല്ലാത്ത ഏക ചാനൽ മനോരമ മാത്രമായിരുന്നു. ജോണി ലൂക്കോസ് ചാനൽ മേധാവി ആയതുകൊണ്ട് ഇരയോടൊപ്പമല്ല വേട്ടക്കാരനോടൊപ്പമാണ് മനോരമ ന്യൂസ് ചാനലെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മലയാള മനോരമ പത്രം കേരളത്തിൽ സർക്കുലേഷന്റെ കാര്യത്തിൽ നമ്പർ വൺ ആണെങ്കിലും അവരുടെ ചാനൽ റേറ്റിംഗിൽ എപ്പോഴും പുറകിലാണ്. ജോണി ലൂക്കോസിന് മാനേജ്‌മെൻ്റ് നൽകിയ അമിതാധികാരം ഇതുപോലെ ദുരുപയോഗം ചെയ്ത് വാർത്തകൾ മുക്കി സ്ഥാപനത്തിൻ്റെ വിശ്വാസ്യത കളഞ്ഞതാണ് ഈ അധപതനത്തിന് കാരണം. ഇപ്പോൾ മനോരമയെ ബഹുദൂരം പിന്നിലാക്കി മുന്നേറുന്ന 24 ന്യൂസ് ചാനലിന്റെ മേധാവി ആർ.ശ്രീകണ്ഠൻ നായർ മഴവിൽ മനോരമ ചാനലിൽ നിന്ന് രാജിവച്ച് ഇറങ്ങിപ്പോരാൻ ഇടയായത് ജോണി ലൂക്കോസ് കാരണമാണ്.

മന്ത്രിയായിരുന്ന ആന്റണി രാജു അഭിഭാഷകനായിരുന്ന കാലത്ത് തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം കോടതിയിൽ നിന്നെടുത്ത് തട്ടിപ്പ് നടത്തിയ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ സംബന്ധിച്ച അന്വേഷണാത്മക റിപ്പോർട്ട് മനോരമയുടെ മികച്ച റിപ്പോർട്ടറായിരുന്ന അനിൽ ഇമ്മാനുവൽ തയ്യാറാക്കി ചാനലിൽ കൊടുത്തെങ്കിലും ജോണി ലൂക്കോസ് ഇടപെട്ട് അത് മുക്കി. അതേ വാർത്തകൾ പരമ്പരയായി അനിൽ ഇമ്മാനുവൽ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു ശേഷം 2022 ജൂലൈ 21ന് മനോരമ ചാനലിൽ നിന്ന് രാജിവെച്ച് പുറത്തുപോയി. മനോരമ ഒഴികെ ബാക്കിയെല്ലാ മാധ്യമങ്ങളും ഏറ്റെടുത്ത ആ വാർത്തയിൽ ഹൈക്കോടതി ഇടപെടുകയും അങ്ങനെ കേസിപ്പോൾ സുപ്രീം കോടതിയിൽ എത്തിനിൽക്കുകയുമാണ്.

ജോണിയെ പോലെയുള്ളവർ മുക്കുന്ന വാർത്തകളെ പൊക്കിയെടുത്ത് പൊതുസമൂഹത്തിൽ എത്തിക്കാനായി തന്നെ മാധ്യമ സിൻഡിക്കറ്റ് എന്ന പേരിൽ വിശ്വാസ്യതയുള്ള ഓൺലൈൻ ചാനൽ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ അനിൽ ഇമ്മാനുവൽ. നടിയെ ആക്രമിച്ച കേസിൽ ആദ്യ ഘട്ടത്തിൽ ദിലീപിനെതിരെ എല്ലാ ചാനലിലും വാർത്ത കൊടുത്തുകൊണ്ടിരിക്കുമ്പോൾ നടൻ ദിലീപിനെ ജോണി ലൂക്കോസ് നേരെ ചൊവ്വേ എന്ന പരിപാടിയിൽ ഇന്റർവ്യൂ ചെയ്തുകൊടുത്ത് രക്ഷിക്കാൻ നോക്കിയതിന് അന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല.

ജോണി ലൂക്കോസ് എന്നും വേട്ടക്കാരനോടൊപ്പമാണ് ഇരയോടൊപ്പമല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നേരേ ചൊവ്വേ എന്ന പരിപാടി അവതാരകൻ ജോണി ലൂക്കോസ് നേരും ചൊവ്വും ഇല്ലാത്തവനാണെന്ന് പറയാതെ വയ്യ. മനോരമ ന്യൂസ് ചാനൽ നാഴികയ്ക്ക് നാൽപ്പതുവട്ടം ചോദിക്കാനും പറയാനും ഞങ്ങളിവിടെയുണ്ട് പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല. പ്രവർത്തിയിൽ തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments