മുംബൈ: 124 കൊക്കയ്ന്‍ ക്യാപ്‌സൂളുകള്‍ വിഴുങ്ങിയ ബ്രസീലിയന്‍ യുവതി മുംബൈയില്‍ പിടിയിലായി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുന്‍പായിരുന്നു യുവതി 124 കൊക്കെയ്ന്‍ നിറച്ച ഗുളികകള്‍ വിഴുങ്ങിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലേക്ക് കടത്തുന്നതിനായി കൊണ്ടുവരികയായിരുന്ന കൊക്കയ്‌ന്റെ വിപണി മൂല്യം 9.73 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും ഡിആര്‍ഐ പറഞ്ഞു. ബുധനാഴ്ച സാവോ പോളോയില്‍ ഇറങ്ങിയ യുവതിയെ തങ്ങള്‍ തടഞ്ഞുവച്ച് പരിശോധന നടത്തിയപ്പോഴാണ് യുവതി കൊക്കയ്ന്‍ വിഴുങ്ങിയെന്ന് കണ്ടെത്തിയതെന്ന് ഡിആര്‍ഐ മുംബൈ സോണല്‍ യൂണിറ്റ് ഉദ്യോഗസ്ഥന്‍ ഞായറാഴ്ച പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഇന്ത്യയിലേക്ക് കടത്തുന്നതിനായി മയക്കുമരുന്ന് അടങ്ങിയ ക്യാപ്സ്യൂളുകള്‍ കഴിച്ചുവെന്ന് യാത്രക്കാരി സമ്മതിച്ചു. തുടര്‍ന്ന് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 9.73 കോടി രൂപ വിലമതിക്കുന്ന 973 ഗ്രാം കൊക്കെയ്ന്‍ അടങ്ങിയ 124 കാപ്‌സ്യൂളുകള്‍ യുവതിയില്‍ നിന്ന് ലഭിച്ചു. ശനിയാഴ്ച നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഉദ്യോഗസ്ഥര്‍ ഇത് കൊക്കയ്ന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. യാത്രക്കാരിയെ അറസ്റ്റ് ചെയ്യുകയും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.