തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളിൽ നിന്നും ചെറിയൊരു തെറ്റ് വന്നാൽ തന്നെ കർശന നടപടിയെടുക്കുന്നവരാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതുവരെ എത്തും ഉത്തരം നടപടികൾ. നടപടികൾ എടുക്കുന്നതുപോലെ ഉത്തരവാദിത്വങ്ങളും ഇവർക്കുണ്ടെന്ന് കാര്യം പലപ്പോഴും പൊതുജനങ്ങൾ മറക്കാറുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച് ഈ ഉദ്യോഗസ്ഥർ പലപ്പോഴും ബോധവാന്മാരല്ല.
വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് ദിവസം 25 രൂപ നഷ്ടപരിഹാരം കെ.എസ്.ഇ.ബി നൽകണം. വോൾട്ടേജ് കുറഞ്ഞാലും നഷ്ടപരിഹാരം ഉണ്ട്. ഉടമസ്ഥാവകാശം മാറ്റാൻ 15 ദിവസത്തിലേറെ എടുത്താൽ പ്രതിദിനം 50 രൂപയാണ് കെ എസ് ഇ ബി നൽകേണ്ടത്. ബാക്കി എല്ലാ കാര്യത്തിലും കാർക്കശ മനോഭാവം തുടരുന്ന കെ എസ് ഇ ബി സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ നഷ്ടപരിഹാരം നൽകുന്ന ഇത്തരം വ്യവസ്ഥകൾ ജനങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയാണ്.
ഇതുസംബന്ധിച്ച സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് പട്ടിക വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഇത് പ്രദർശിപ്പിക്കണം എന്നാണ് നിലവിൽ നിയമം. ഇത്തരം വ്യവസ്ഥയെ കുറിച്ച് അറിയാത്തതിനാൽ വളരെക്കുറച്ച് പരാതികൾ മാത്രമാണ് കെ എസ് ഇ ബിക്കെതിരെ പോകുന്നത്.