GulfNews

ബോട്ടിം അള്‍ട്രാ ആപ്പ്: പോക്കറ്റ് കാലിയാണെങ്കിലും പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാൻ പുതിയ സംവിധാനം

ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മിക്ക പ്രവാസികളുടെയും ഏറ്റവും വലിയ പ്രശ്‌നം നാട്ടിലെ കുടുംബത്തിനുണ്ടാകുന്ന അത്യാവശ്യ ചെലവുകളായിരിക്കും. ഇത്തരം സാഹചര്യങ്ങളിലാണ് പലരും അനധികൃത ഹവാല ഇടപാടുകാരുടെയും കൊള്ളപ്പലിശക്കാരുടെയും കെണിയില്‍ പെടുന്നതും. ഇതിന് പരിഹാരമായി യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനമാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ സംസാര വിഷയം. കയ്യില്‍ പണമില്ലെങ്കിലും നാട്ടിലേക്ക് കാശയയ്ക്കാനുള്ള സൗകര്യം ബോട്ടിം അള്‍ട്രാ ആപ്പ് വഴിയാണ് സാധ്യമാകുന്നത്. ഈ പണം തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഇത്തരം സേവനം ഏര്‍പ്പെടുത്തുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ കമ്പനിയെന്ന ബഹുമതിയും ബോട്ടിം സ്വന്തമാക്കി.

നാട്ടിലേക്ക് പണമയയ്ക്കാന്‍ കൂടുതല്‍ എളുപ്പത്തിലുള്ള മാര്‍ഗമാണ് ഇതിലൂടെ തുറക്കുന്നതെന്ന് ആസ്ട്രാ ടെക്കിൻ്റെ സ്ഥാപകനും ബോട്ടിം സി.ഇ.ഒയുമായ അബ്ദുള്ള അബു ഷെയ്ഖ് പറഞ്ഞു. ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് തങ്ങളുടെ കുടുംബത്തെ സഹായിക്കുന്നതിനൊപ്പം സാമ്പത്തിക ചെലവുകളും കൃത്യമായി കൈകാര്യം ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയില്‍ പ്രചാരത്തിലുള്ള വോയിസ് കോളിംഗ് പ്ലാറ്റ്‌ഫോമാണ് ബോട്ടിം. വാട്‌സ്ആപ്പ്, സ്‌കൈപ്പ്, ഫേസ്‌ടൈം തുടങ്ങിയ വോയിസ് ഓവര്‍ ഇൻ്റര്‍നെറ്റ് കോളിംഗ് ആപ്പുകള്‍ നിരോധിച്ചിട്ടുള്ള രാജ്യത്ത് സൗജന്യ കോളിംഗ് സേവനം നല്‍കിയതാണ് ബോട്ടിമിനെ ഹിറ്റാക്കിയത്. ദുബായ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനം, ആസ്ട്രാടെക്, 2023ലാണ് ബോട്ടിമിനെ ഏറ്റെടുക്കുന്നത്. മിഡില്‍ ഈസ്റ്റ് – നോര്‍ത്ത് ആഫ്രിക്ക (മെന) റീജിയണിലെ രാജ്യങ്ങള്‍ക്ക് വേണ്ടി ബോട്ടിം സൂപ്പര്‍ ആപ്പ് നിര്‍മിക്കുമെന്ന് ഏറ്റെടുക്കുന്ന സമയത്ത് തന്നെ ആസ്ട്രാ ടെക് പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, ഇ-കൊമേഴ്‌സ്, ബാങ്കിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പേയ്‌മെൻ്റ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് സൂപ്പര്‍ ആപ്പ് നിര്‍മിച്ചത്. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നിലധികം ആപ്പുകള്‍ക്ക് പകരം ഒരൊറ്റ ആപ്പില്‍ നിരവധി സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ ലോകത്തിലെ ആദ്യ സൂപ്പര്‍ ആപ്പാണ് ബോട്ടിമെന്നും ആസ്ട്രാടെക് അവകാശപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x