കോളംബോ; ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്റെ തലവനായി മത്സരിച്ച ദിസനായകെ (55) ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയും മറ്റ് 36 സ്ഥാനാര്‍ത്ഥികളെയും വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയിരുന്നു. ദിസനായക്ക് 5,740,179 വോട്ടുകളാണ് ലഭിച്ചത്.
ദിസനായെയുടെ വിജയത്തിന് അമേരിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ തലവന്‍മാര്‍ ആശംസകളും അറിയിച്ചിരുന്നു. രാജ്യത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ശ്രീലങ്കയുടെ ശക്തമായ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഒമ്പതാമത്തെ വ്യക്തിയാണ് അദ്ദേഹം.