കൊച്ചി : പീഢന ആരോപണത്തിന് പിന്നാലെ നടൻ സിദ്ദിഖിനെതിരെ നികുതി വെട്ടിപ്പും. സേവന നികുതിയുമായി ബന്ധപ്പെട്ട് നികുതി വകുപ്പിനോട് രണ്ടാഴ്ചക്കുള്ളിൽ നടൻ സിദ്ദിഖ് മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. 2017 മുതൽ 2020 വരെയുള്ള നികുതിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 2 ന് നോട്ടിസ് നൽകിയത് ചോദ്യം ചെയ്ത് സിദ്ദിഖ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് പി. ഗോപിനാഥിൻ്റെ നിർദ്ദേശം.
ഒക്ടോബർ 4 ന് ജിഎസ്ടി അധികൃതർക്ക് മുന്നിൽ പ്രതിനിധി മുഖേന ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 3 വർഷം കഴിഞ്ഞ് നോട്ടിസ് നൽകിയത് നിലനിൽക്കില്ലെന്ന സിദ്ദിഖിൻ്റെ വാദം ആദ്യം പരിഗണിച്ച് തീരുമാനം എടുക്കണമെന്നും വിധിയിൽ പറയുന്നു. 1.38 കോടിയുടെ നികുതി വെട്ടിപ്പാണ് 2017- 18 മുതൽ 2021- 22 വരെ സിദ്ദിഖിന്റെ പേരിൽ ജിഎസ്ടി വിഭാഗം കണ്ടെത്തിയത്.
അതേസമയം, നടൻ അസിഫ് അലിയുടെ പേരിൽ 11.71 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. സണ്ണി വെയ്ൻ 1.38 കോടിയും ഷെയ്ൻ നിഗം 1.51 കോടിയും നികുതി വെട്ടിപ്പ് നടത്തിയെന്നും ജിഎസ്ടി വിഭാഗം കണ്ടെത്തിയിരുന്നു. നടൻമാർക്കെതിരെ നടപടി എടുക്കുന്നതിൽ ജിഎസ്ടി വിഭാഗം തുടക്കത്തിൽ അമാന്തം കാണിച്ചെങ്കിലും മാധ്യമ വാർത്തയെ തുടർന്ന് നടപടിയിലേക്ക് നീങ്ങുകയായിരുന്നു.
നിയമസഭയിൽ നികുതി വെട്ടിപ്പ് നടത്തിയ സിനിമ നടൻമാരെ സംബന്ധിച്ച ചോദ്യത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകിയിരുന്നില്ല.18 ശതമാനം പലിശയും നികുതിക്ക് സമാനമായ പിഴയും ജിഎസ്ടി നിയമം അനുസരിച്ച് അടക്കേണ്ടി വരും. അതുകൊണ്ട് തന്നെ നികുതി വെട്ടിപ്പ് നടൻമാർ നിലവിലുള്ളതിൻ്റെ ഇരട്ടിയിലധികം തുക അടക്കേണ്ടി വരും.