തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു
ചെന്നൈ: വന്യ മൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചവരില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുള്‍പ്പടെ മൂന്ന് മരണം. തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ജോലാര്‍പേട്ട് ടൗണിന് സമീപമുള്ള യേലഗിരി മലനിരകളുടെ താഴ്വരയിലുള്ള പെരുമ്പാട്ട് ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
ആയുര്‍വേദ ചികിത്സകനായ കെ.സിങ്കാരം (45), മകന്‍ എസ്.ലോകേഷ് (15), സിങ്കാരത്തിന്റെ കൃഷി സഹായിയായ എസ്.കരിപ്രിയന്‍ (65) എന്നിവരാണ് മരിച്ചത്.നാടന്‍ തോക്ക്, സ്‌ഫോടകവസ്തുക്കള്‍, ടോര്‍ച്ച് ലൈറ്റുകള്‍, വലകള്‍ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ജോലാര്‍പേട്ട നഗരത്തിനടുത്തുള്ള മൂക്കന്നൂര്‍ ഗ്രാമത്തിലായിരുന്നു സിംഗാരവും മകന്‍ ലോകേഷും താമസിച്ചിരുന്നത്. കരിപ്രിയന്‍ പെരുമാപട്ട് സ്വദേശിയാണ്. ഞായറാഴ്ച പുലര്‍ച്ചെ മുയലുകള്‍, പുള്ളിമാന്‍ തുടങ്ങിയ ചെറിയ വന്യമൃഗങ്ങളെ വേട്ടയാടാന്‍ ശിങ്കാരവും മകന്‍ ലോകേഷും കരിപ്രിയനും മലനിരകളിലെ റിസര്‍വ് വനങ്ങളില്‍ കയറിയതായി പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. റിസര്‍വ് വനത്തില്‍ നിന്ന് പെരുമാപട്ട് വില്ലേജിലെ കൃഷിയിടത്തിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ അനധികൃത വൈദ്യുത വേലിയില്‍ അബദ്ധത്തില്‍ ചവിട്ടിയപ്പോഴാണ് ഷോക്ക് ഏല്‍ക്കുന്നത്.
മൂന്നേക്കര്‍ സ്ഥലത്ത് ഒരു വര്‍ഷത്തിലേറെയായി ഇവര്‍ ധാന്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ടായിരുന്നു. റിസര്‍വ് ഫോറസ്റ്റിന്റെ താഴ്വരയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ വന്യ മൃഗ ശല്യം രൂക്ഷമാണ്. അത് തടയാനായി കര്‍ഷകര്‍ തങ്ങളുടെ സ്ഥലത്ത് വൈദ്യുതവേലി സ്ഥാപിച്ചിട്ടുമുണ്ട്. കരുസാലിപ്പേട്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തിരുപ്പത്തൂര്‍ ടൗണിലെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.