ടൊയോട്ടയുടെ അത്യാഡംബര വാഹന വിഭാഗമായ ലെക്സസ് ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് എല്‍.എം.350 എച്ച് എന്ന അത്യാഡംബര എം.പി.വി. ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചത്. 2.5 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ വാഹനത്തിന് നിർമാതാക്കളെ പോലും ഞെട്ടിച്ച സ്വീകാര്യതയാണ് വിപണിയില്‍ നിന്ന് ലഭിച്ചത്. സെലിബ്രിറ്റികളുടെ വരെ ചോയിസ് ആയി മാറിയ ഈ വാഹനത്തിൻ്റെ ബുക്കിങ്ങ് നിർത്തുന്നതായി അറിയിച്ചിരിക്കുകയാണ് നിർമാതാക്കള്‍.
ഈ വാഹനത്തിന് ലഭിച്ച വരവേല്‍പ്പില്‍ ഉപയോക്താക്കളോട് അകമഴിഞ്ഞ നന്ദിയറിച്ചാണ് വാഹനത്തിൻ്റെ ബുക്കിങ് താത്കാലികമായി നിർത്തുന്ന വാർത്ത ലെക്സസ് പുറത്തുവിട്ടിരിക്കുന്നത്. ബുക്കിങ്ങിന് അനുസരിച്ച് വിതരണം നടത്താൻ സാധിക്കാത്ത പശ്ചാത്തലമാണ് ഇപ്പോഴുള്ളതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിതരണം തടസ്സം നേരിടുന്ന സാഹചര്യത്തില്‍ ലെക്സസ് എല്‍.എം. 350എച്ച് എം.പി.വിയുടെ ബുക്കിങ് താത്കാലികമായി നിർത്തുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഏറെ വൈകാതെ തന്നെ പുതിയ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും നിർമാതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്. 2023 ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം ആദ്യമായി പ്രദർശനത്തിന് എത്തിയത്. അത്യാഡംബര സംവിധാനങ്ങളാണ് ഹൈലൈറ്റ്. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമാണ് അകത്തളം. ഇൻഫ്രാറെഡ് സെൻസറുകളുള്ള എ.സി, ഹോള്‍ഡ് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, എൻ്റെർടെയ്ൻമെൻ്റെ് സ്ക്രീനുകള്‍, വയർലെസ് ചാർജിങ്, യു.എസ്.ബി. പോർട്ടുകള്‍, റീഡിങ് ലൈറ്റ്, വാനിറ്റി മിറർ, ടില്‍റ്റ് അപ്പ് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.
ടൊയോട്ട വെല്‍ഫയറിന് അടിസ്ഥാനമൊരുക്കുന്ന ജി.എ-കെ മോഡുലാർ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ലെക്സസിൻ്റെ എല്‍.എം.350 എച്ച് എം.പി.വിയും ഒരുങ്ങിയിട്ടുള്ളത്. രൂപത്തില്‍ വെല്‍ഫയറിനോട് സമ്യമുള്ള വാഹനമാണ് എല്‍.എം.350 എച്ചും. ക്രോമിയം സ്റ്റഡുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, വളരെ നേർത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്ബ്, മള്‍ട്ടി സ്പോക്ക് അലോവി വീലുകള്‍, സ്ലൈഡിങ് ഡോർ, കണക്ടഡ് ആയിട്ടുള്ള ടെയ്ല്‍ലാമ്ബ് എന്നിങ്ങനെയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.
ഹൈബ്രിഡ് എം.പി.വിയായാണ് എല്‍.എം.350 എച്ച് എത്തിയിരിക്കുന്നത്. 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോള്‍ എൻജിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് സംവിധാനങ്ങളും ചേർന്ന് 250 പി.എസ്. പവറും 241 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതില്‍ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഏഴ്, നാല് സീറ്റിങ് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ട്.