അയോധ്യ:സമാജ് വാദി പാര്‍ട്ടിയുടെ ഫൈസാബാദ് എംപി അവധേഷ് പ്രസാദിന്റെ മകന്‍ അജിത് പ്രസാദിനെതിരെ പോലീസ് കേസെടുത്തു. ഒരാളെ തട്ടിക്കൊണ്ടുപോയതിനാണ് അജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ഥലം വാങ്ങിയ കേസിലെ കമ്മീഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അയോധ്യയിലെ പാലിയ റിസാലി എന്ന പ്രദേശത്ത് താമസിക്കുന്ന രവി തിവാരി എന്നയാളെയാണ് അജിത്തും സംഘവും തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുകയും തന്നെ ആക്രമിക്കുകയും ചെയ്തുവെന്ന് രവി തിവാരി കോട്വാലി സിറ്റി പോലീസിന് ശനിയാഴ്ച്ച നല്‍കിയ പരാതിയില്‍ പറയുന്നു. ഫൈസാബാദ് സിറ്റിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിന്‍ ബ്രാഞ്ച് ഇന്റര്‍സെക്ഷനു സമീപമുള്ള സ്ഥലത്ത് നിന്നാണ് ശനിയാഴ്ച്ച രവിയെ ഇവര്‍ തട്ടിക്കൊണ്ടു പോയത്.
സംഭവത്തില്‍ അജിത് പ്രസാദിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, മുറിവേല്‍പ്പിക്കല്‍, മാരകായുധങ്ങളുമായി ആക്രമിക്കല്‍, വധ ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.