ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായി. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്ന് ക്ലാസിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിനാറുകാരിയായ ആദിവാസി വിദ്യാര്‍ത്ഥിനി. റാഞ്ചിയെ ബൈപാസുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയ്ക്ക് സമീപം മുര്‍ഹു പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ബുധനാഴ്ച ഈ ദാരുണ സംഭവം നടന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് താന്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പത്തോളം പേര്‍ ചേര്‍ന്ന് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുവെന്നും അഞ്ച് പേര്‍ തന്റെ ബലത്സംഗം ചെയ്‌തെന്നും ഇര പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താന്‍ ബോധംകെട്ടു വീഴുകയും പിന്നീട് തനിക്ക് ബോധം വന്നപ്പോള്‍ താന്‍ നഗ്‌നയാണെന്ന് മനസിലായെന്നും തന്നെ അവര്‍ പീഡിപ്പിച്ചുവെന്നും ഇര പോലീസിനോട് പറഞ്ഞു.
കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയെന്നും പരിശോധനയില്‍ കുട്ടി ബലാല്‍സംഗത്തിനിരയായി എന്ന് തെളിഞ്ഞെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ തിരച്ചില്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.