ന്യൂഡൽഹി: രാജ്യത്ത് നിന്ന് നക്സലിസം സമ്പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026 മാർച്ച് 31-നുള്ളിൽ നക്സലിസത്തിന് അന്ത്യം കുറിക്കുമെന്നും മാവോയിസ്റ്റുകൾ ആയുധം ഉപേക്ഷിച്ച് നിയമത്തിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിന്റെ ഇരകളുമായി ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നക്സൽ അക്രമങ്ങളും അവരുടെ പ്രത്യയശാസ്ത്രവും രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുള്ള കാര്യമാണ്. ഈ രാജ്യത്ത് നക്സലിസത്തിന്റെ അവസാന ദിവസമായി 2026 മാർച്ച് 31 നിശ്ചയിച്ചിരിക്കുന്നു. ആ ദിനത്തിന് മുൻപ് തന്നെ നക്സലിസത്തിന് അന്ത്യം കുറിക്കുമെന്ന് ഉറപ്പുനൽകുന്നതായും അമിത് ഷാ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി നക്സൽ വിരുദ്ധ ഓപ്പറേഷനുകളാണ് നടത്തിയത്. മാവോയിസ്റ്റുകൾക്കെതിരെ അനവധി ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞു. ഇപ്പോൾ ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ മാത്രമായി നക്സലിസം ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പശുപതിനാഥ് (നേപ്പാൾ) മുതൽ തിരുപ്പതി (ആന്ധ്രപ്രദേശ്) വരെ ഒരു ഇടനാഴി സ്ഥാപിക്കാൻ മാവോയിസ്റ്റുകൾ ഒരിക്കൽ പദ്ധതിയിട്ടിരുന്നതായും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അത് തകർത്തുവെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.