തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി പ്രതിസന്ധിയിൽ. ധനവകുപ്പിൽ നിന്ന് ഫണ്ട് കിട്ടാത്തതാണ് ലൈഫ് മിഷനെ പ്രതിസന്ധിയിലാക്കിയത്. സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ലൈഫ് മിഷൻ ചെലവ് വെറും 1.84 ശതമാനം മാത്രമാണ്. എന്നാൽ 692 കോടിയാണ് സംസ്ഥാന പ്ലാൻ വിഹിതമായി ലൈഫ് മിഷന് 2024-25 ൽ കെ.എൻ ബാലഗോപാൽ ബജറ്റിൽ വകയിരുത്തിയത്.
അതേസമയം, ഇതിൽ അനുവദിച്ചത് 12.73 കോടി മാത്രമാണെന്ന് പ്ലാനിംഗ് ബോർഡ് രേഖകൾ വ്യക്തമാക്കുന്നു. ഗ്രാമീണ പാർപ്പിട പദ്ധതി ( Rural – Life Mission) ക്ക് 500 കോടി വകയിരുത്തിയതിൽ കൊടുത്തത് 2.41 ശതമാനം മാത്രമാണ്. അതായത് വെറും 12 കോടി രൂപയാണ് 6 മാസത്തിനിടെ അനുവദിച്ചിരിക്കുന്നത്. നഗര പാർപ്പിട പദ്ധതി ( Urban – Life Mission) ക്ക് 192 കോടി ബജറ്റിൽ അനുവദിച്ചെങ്കിലും ഇത് വരെ കൊടുത്തത് 0.34 ശതമാനം മാത്രം. അതായത് വെറും 65 ലക്ഷം രൂപ മാത്രം.
ധനവകുപ്പിൽ നിന്ന് ഫണ്ട് അനുവദിപ്പിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് തദ്ദേശ മന്ത്രി എം.ബി രാജേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അതിനാൽ തന്നെ പുതിയ ബാറുകൾ അനുവദിക്കുന്ന തിരക്കിൽ എം.ബി രാജേഷിന് എന്ത് ലൈഫ് മിഷൻ എന്ന ചോദ്യമാണ് ഉയരുന്നത്.