അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പി. ജയരാജനും മുൻ എം.എൽ.എ ടി.വി രാജേഷും സമർപ്പിച്ച ഹർജി കോടതി തള്ളി

കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി. ജയരാജനും ടി.വി. രാജേഷും സി.ബി.ഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്.

ariyil shukur

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും മുൻ എം.എൽ.എ ടി.വി രാജേഷും സമർപ്പിച്ച വിടുതൽ ഹർജി സി.ബി.ഐ പ്രത്യേക കോടതി തള്ളിയതിൽ പ്രതികരണവുമായി വി.ടി. ബൽറാം. അരിയിൽ ഷുക്കൂറിനെ നൂറുകണക്കിനാളുകളുടെ മുന്നിൽ തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം എന്ന ഭീകര സംഘടനയിലെ പി. ജയരാജൻ, ടി.വി. രാജേഷ് എന്നീ രണ്ട് പ്രധാന നേതാക്കൾ വിചാരണ നേരിടാൻ പോവുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിൻ്റെ തലപ്പത്ത് നിന്ന് ജയരാജനെ പുറത്താക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.

കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി. ജയരാജനും ടി.വി. രാജേഷും സി.ബി.ഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇന്ന് സി.ബി.ഐ സ്പെഷൽ കോടതി ജഡ്ജി പി. ശബരിനാഥൻ ഹർജി തള്ളിയത്. നേരത്തെ സി.ബി.ഐ കുറ്റപത്രത്തിൽ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് അബ്ദുൽ ഷുക്കൂറിൻ്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈകോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. തുടർന്നാണു ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി.

പി. ജയരാജൻ്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് തടഞ്ഞുവച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചു നടന്നു എന്നാണ് സി.ബി.ഐ പറയുന്നത്. കല്ലേറിനെ തുടർന്ന് ജയരാജനെയും രാജേഷിനേയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments