KeralaNews

അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനും ടി വി രാജേഷിനും തിരിച്ചടി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കൾക്ക് തിരിച്ചടി. പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികളുണ്ടെന്നും, ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പോയ ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തത്. ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x