News

നാലര വയസുകാരി ഓടയിൽ വീണു മരിച്ചു; അപകടം ഇന്ന് ആദ്യമായി സ്കൂളിൽ പോകാനിരിക്കെ

കൊല്ലം പന്മനയെ കണ്ണീരിലാഴ്ത്തി സ്‌കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരി അക്ഷികയുടെ മരണം. ഇന്നു എൽ.കെ.ജിയിൽ പ്രവേശിക്കാനിരിക്കെയാണ് ഇന്നലെ അമ്മ വീടിനു മുന്നിലുള്ള ഓടയിൽ വീണ് അക്ഷിക മരിച്ചത്. കൊട്ടരാക്കര പള്ളിക്കൽ പാലവിളയിൽവീട്ടിൽ അനീഷിന്റെയും രശ്മിയുടെയും മകളാണ് കല്യാണിയെന്ന് വിളിക്കുന്ന നാലര വയസ്സുകാരി.

കൊല്ലം പന്മന വടുതലയിലെ മാതൃവീടിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് ഓടയുടെ സ്ലാബിനു മുകളിൽക്കൂടി സൈക്കിൾ ഉരുട്ടുന്നതിനിടെ സ്ലാബില്ലാത്ത ഭാഗത്ത് കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു. ഒഴുകിപ്പോയ കുട്ടിയെ നാട്ടുകാർ ഓടയിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ മുന്നൂറുമീറ്റർ അകലെനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി പന്മനയിലെ അമ്മയുടെ വീട്ടിലായിരുന്നു കുട്ടി. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. മകളുടെ സ്‌കൂൾ പ്രവേശനത്തിനുള്ള സാധനങ്ങൾ വാങ്ങാനായി മാതാപിതാക്കൾ കടയിൽ പോയ സമയത്താണ് അപകടമുണ്ടായത്.