KeralaNews

ജയിൽ ചപ്പാത്തിയുടെ വില കൂട്ടി

തിരുവനന്തപുരം: കേരളത്തിൽ ജയിൽ ചപ്പാത്തിയുടെ വില വർദ്ധിപ്പിക്കും. ഒരു ചപ്പാത്തിയ്ക്ക് രണ്ട് രൂപ വിലയായിരുന്നു എങ്കിൽ ഇനി മുതൽ മൂന്ന് രൂപ നൽകേണ്ടി വരുമെന്നാണ് വിവരം. 2011ലുണ്ടായിരുന്ന വിലയാണ് 13 വർഷത്തിന് ശേഷം കൂട്ടുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്‌ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വർധനവും വേതനത്തിലുണ്ടായ വർധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വർധിപ്പിക്കാൻ കാരണമെന്ന് ജയിൽ അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് എന്തെല്ലാം വസ്തുക്കളുടെ വില വർദ്ധിപ്പിച്ചാലും വില വർദ്ധിപ്പിക്കാതെ ഒരു വസ്തുവായിരുന്നു ജയിൽ ചപ്പാത്തി വില. എന്നാൽ ഇപ്പോൾ ജയിൽ ചപ്പാത്തിയുടേയും വില വർദ്ധിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമുകൾ, ചീമേനി തുറന്ന ജയിൽ ആൻഡ് കറക്ഷണൽ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വിൽപ്പന നടത്തുന്നത്.

അതേ സമയം ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40.

Leave a Reply

Your email address will not be published. Required fields are marked *