ഹുലുൻബുയറിലെ ചൈന ദൗർ എത്‌നിക് പാർക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വാശിയേറിയ ഫൈനലിന് ശേഷം ഇന്ത്യ ചൈനയെ തകർത്ത് 5-ാം പുരുഷ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു.
കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഇന്ത്യൻ ടീം കപ്പുയർത്തി. ഡിഫൻഡർ ജുഗ് രാജ് സിംഗ് 50-ാം മിനിറ്റിൽ അപൂർവ്വ ഫീൽഡ് ഗോൾ നേടിയാണ് കിരീടം ഉറപ്പിച്ചത്.
ഒരു മാസം മുമ്പ് നടന്ന പാരിസ് ഒളിമ്പിക്സിലെ വെങ്കലമെഡലിന് ശേഷം ഇന്ത്യൻ പുരുഷ ഹോക്കി ടീം മികച്ച ഫോം തുടരുകയും തുടർച്ചയായി ഏഷ്യൻ ട്രോഫി കിരീടങ്ങളും നേടി. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ സെമിയിലും മികച്ച വിജയം നേടിയിരുന്നു.
ജുഗ്‌രാജ് ദ ഹീറോ
മത്സരത്തിൻ്റെ ആദ്യ ക്വാർട്ടർ ഗോൾരഹിതമായിരുന്നു. രണ്ടാം ക്വാർട്ടറിൽ പൊരുതി കളിച്ച ഇന്ത്യ ചൈനീസ് ഗോൾവല വിറപ്പിച്ചു. എന്നാൽ ചൈനീസ് പ്രതിരോധം ശക്തമായി നിന്നതോടെ ശ്രമങ്ങളെല്ലാം പാഴായി.
പൊസഷനിൽ ചൈനയേക്കാൾ മുന്നിട്ടുനിന്നെങ്കിലും ഇന്ത്യയ്ക്ക് ഗോൾനേടാനായില്ല. രണ്ടാം ക്വാർട്ടറും ഗോൾരഹിതമായാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ ഇന്ത്യയ്ക്ക് നാല് പെനാൽറ്റി കോർണറുകളും ചൈനയ്ക്ക് ഒന്നുമാണ് ലഭിച്ചത്.
എന്നാൽ ഇരു ടീമുകൾക്കും ഇത് ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്നാം ക്വാർട്ടറിലുംഇതേയവസ്ഥ തുടർന്നു. നിരവധി അവസരങ്ങൾ ഇരുടീമുകളും സൃഷ്‌ടിച്ചെങ്കിലും ഗോൾ മാത്രം ലക്ഷ്യം കാണാൻ സാധിച്ചില്ല. എന്നാൽ നാലാം ക്വാർട്ടർ ഇന്ത്യയ്ക്ക് ഗെയിം ചെയിഞ്ചറായി മാറി. ജയത്തിനായി ആക്രമിച്ചുകളിച്ച ഇന്ത്യ ഒടുവിൽ, 50-ാം മിനിറ്റിൽ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിൻ്റെ പാസ്സ് ,ഗോളാക്കി മാറ്റി ജുഗ്‌രാജ് സിംഗ് ഇന്ത്യയെ കിരീടത്തിലെത്തിച്ചു.തിരിച്ചടിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ പ്രതിരോധിച്ചതോടെ ഇന്ത്യ കിരീടത്തോടെ മടങ്ങി, കന്നി ഫൈനലിൽ നിരാശയോടെ ചൈനയും കളംവിട്ടു.