ഇന്ത്യൻ വ്യവസായ മേഖലയിൽ, വിജയഗാഥകൾ പലപ്പോഴും ചെറിയ തുടക്കങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇവിടെ വ്യക്തികൾ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ ബില്യൺ ഡോളർ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നു. ഇതിന്റെ മികച്ച ഉദാഹരണമാണ് ഡയഗ്‌നോസ്റ്റിക്, പ്രിവൻ്റീവ് കെയർ ലബോറട്ടറികളുടെ പ്രമുഖ ശൃംഖലയായ തൈറോകെയർ ടെക്‌നോളജീസിൻ്റെ സ്ഥാപകനും ചെയർമാനുമായ വേലുമണി ആരോക്യസാമി. തിരിച്ചടികളും സാമ്പത്തിക നഷ്ടങ്ങളും അഭിമുഖീകരിക്കുമ്പോഴും വേലുമണിയുടെ കഥ നിശ്ചയദാർഢ്യത്തിൻ്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്.
ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപിച്ചതിന് പിന്നാലെ തനിക്ക് 1400 കോടി രൂപ നഷ്ടമായെന്ന് വേലുമണി പറയുന്നു. 1982-ൽ വെറും 500 രൂപയ്ക്ക് തൻ്റെ സംരംഭക യാത്ര ആരംഭിച്ച അദ്ദേഹം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. വേലുമണിയുടെ വാക്കുകൾ ഇങ്ങനെ ; “താനൊരു സംരംഭകനായിരുന്നു. വലിയ സമ്പത്ത് സൃഷ്ടിച്ചു. ഇപ്പോൾ ഞാൻ ഒരു നിക്ഷേപകനും വലിയ നഷ്ടത്തിന് ഇരയുമാണ്.
വേലുമണിയുടെ ജൈത്യയാത്ര അത്ര നിസ്സാരമായിരുന്നില്ല . ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ കുട്ടിക്കാലം. ഭൂരഹിതനായ ഒരു കർഷകനായ പിതാവിൻ്റെ മകനായി ജനിച്ച വേലുമണിയുടെ കുടുംബം ബുദ്ധിമുട്ടുകൾ നേരിട്ടു. പലപ്പോഴും വസ്ത്രം പോലുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാതെ. അമ്മയ്ക്ക് കിട്ടുന്ന 50 രൂപ തുച്ഛമായ പ്രതിവാര വരുമാനം കൊണ്ടാണ് വേലുമണിയും സഹോദരങ്ങളും ചെറുപ്പം മുതലേ സഹിഷ്ണുതയുടെയും കഠിനാധ്വാനത്തിൻ്റെയും മൂല്യം പഠിച്ച് വളർന്നത്.
പരിമിതമായ വിദ്യാഭ്യാസ അവസരങ്ങൾക്കിടയിലും, വേലുമണി ബിഎസ്‌സിയിൽ ബിരുദം നേടി. തുടർന്ന് കോയമ്പത്തൂരിനടുത്തുള്ള ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ മിതമായ ശമ്പളത്തിന് ജോലി ചെയ്തു. എന്നാൽ , നാല് വർഷത്തിന് ശേഷം കമ്പനിയുടെ പരാജയം അദ്ദേഹത്തെ തൊഴിൽരഹിതനാക്കി, മറ്റെവിടെയെങ്കിലും അവസരങ്ങൾ തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തന്റെ പോക്കറ്റിൽ വെറും 400 രൂപ മാത്രമുള്ള വേലുമണി അവസരങ്ങളുടെ നഗരമായ മുംബൈയിലേക്ക് പുറപ്പെട്ടു, അവിടെ 14 വർഷം ബാർക്കിൽ ജോലി ചെയ്തു.
തുടർന്ന് , 1996-ൽ വേലുമണി തൻ്റെ മൊത്തം പിഎഫ് പണം തൈറോകെയർ ടെക്നോളജീസ് എന്ന സ്ഥാപനം രൂപീകരിക്കുന്നതിനായി ഉപയോഗിച്ചുകൊണ്ട് ധീരമായ ചുവടെടുപ്പ് വെച്ചു . തന്റെ ചെറിയ തുടക്കത്തിൽ 1 ലക്ഷം രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തികൊണ്ട് കമ്പനി അഭിവൃദ്ധിക്കാനാരംഭിച്ചു. 2021-ഓടെ 7,000 കോടി രൂപയുടെ അമ്പരപ്പിക്കുന്ന മൂല്യത്തിലെത്തി. ഫോബ്‌സ് റിപ്പോർട്ട് പ്രകാരം കമ്പനിയിലെ വേലുമണിയുടെ ഓഹരി 5,000 കോടി രൂപയായി ഉയർന്നു. വളരെ തന്ത്രപരമായ നീക്കത്തോടെ , അദ്ദേഹം തൻ്റെ ഓഹരിയുടെ 66 ശതമാനം ഫാം ഈസിയുടെ മാതൃ കമ്പനിക്ക് 4,546 കോടി രൂപയ്ക്ക് വിറ്റു, ഇത് ബിസിനസ്സ് ലോകത്ത് തൻ്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.
ഡയഗ്‌നോസ്റ്റിക്‌സ് ഗവേഷണത്തിലും ബിസിനസ്സിലും 35 വർഷത്തിലേറെ പരിചയമുള്ള വേലുമണിയുടെ വൈദഗ്ധ്യം തൈറോകെയർ ടെക്‌നോളജീസിൻ്റെ വിജയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. പ്രമുഖ സർവ്വകലാശാലകളിൽ നിന്ന് കെമിസ്ട്രിയിൽ ബിഎസ്‌സിയും ബയോകെമിസ്ട്രിയിൽ എംഎസ്‌സിയും നേടിയ അദ്ദേഹം BARC-ൽ ജോലി ചെയ്യുന്നതിനിടയിൽ തൈറോയ്ഡ് ഫിസിയോളജിയിൽ ഡോക്ടറേറ്റ് നേടി തൻ്റെ അക്കാദമിക് പഠനം തുടർന്നു .
തൈറോകെയറിലെ തൻ്റെ റോളിന് പുറമേ, വേലുമണി ന്യൂക്ലിയർ ഹെൽത്ത് കെയർ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. ഓങ്കോളജിയിൽ രോഗനിർണയത്തിനും നിരീക്ഷണത്തിനുമായി സൈക്ലോട്രോണുകൾ, PETCT എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെറിയയൊരു സംരംഭകനിൽ നിന്ന് ഒരു ശതകോടീശ്വരനായ ബിസിനസുകാരനിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര, ഇന്നത്തെ യുവ സംരംഭകർക്ക് പ്രചോദനമാണ്. കഠിനാധ്വാനം, നിശ്ചയദാർഢ്യം എന്നിവയുടെ ഏറ്റവും മികച്ച ഉദാഹരണം.