കൊല്‍ക്കത്ത; കൊല്‍ക്കത്തയിലെ ബിര്‍ഭും ജില്ലയില്‍ ആള്‍ക്കൂട്ട കൊലപാതകം. രണ്ട് ആദിവാസി സ്ത്രീകളെ പ്രദേശ വാസികള്‍ തല്ലി കൊന്നു. മന്ത്രവാദികളാണെന്ന് സംശയിച്ചായിരുന്നു നാട്ടുകാരില്‍ ചിലര്‍ ഇവരെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ മധ്യ വയസ്‌കരായ ഇരുവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. ലോഡ്ജി കിസ്‌കു, ഡോളി സോറന്‍ തുടങ്ങിയ രണ്ട് സ്ത്രീകളുടെ മൃതദേഹം പിന്നീട് സമീപത്തുള്ള കനാലില്‍ നിന്നാണ് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ ബന്ധുവുമുണ്ട്. അറസ്റ്റിലായവരെ റാംപൂര്‍ഹട്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിക്കുന്ന വീഡിയോ എടുക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ക്ലിപ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു. അയല്‍വാസികള്‍ സ്ത്രീകളെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് വടികൊണ്ട് മര്‍ദിക്കുകയും പിന്നീട് കെട്ടിയിടുകയും ചെയ്തിരുന്നുവെന്ന് രണ്ട് സ്ത്രീകളുടെ കുടുംബം പറഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ”എന്റെ ബന്ധുവും മറ്റ് ഗ്രാമവാസികളും എന്റെ അമ്മയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു. എന്റെ രണ്ട് സഹോദരന്മാര്‍ ദൂരെയാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ തനിക്ക്
അമ്മയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലോഡ്കി കിസ്‌കുവിന്റെ മകളായ റാണി കിസ്‌കു മാധ്യമങ്ങളോട് ഇപ്രകാരം പറഞ്ഞിരുന്നു. മര്‍ദ്ദനത്തിലാകാം ഇരുവരും മരിച്ചതെന്നും മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം വേണമെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഗ്രാമത്തില്‍ വന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മയൂരേശ്വര് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.