സി.പി.എമ്മിൽ ഒരു വിഭാഗത്തിൻറെ പരോക്ഷ പിന്തുണയുണ്ടെന്നതിൻറെ സൂചന നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ കരുനീക്കവുമായി പി.വി. അൻവർ എം.എൽ.എ മുന്നോട്ട് പോകുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ രണ്ട് ദിവസത്തിനകം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി എഴുതി നൽകുമെന്ന പി വി അൻവറിന്റെ പ്രതികരണം ഇതിന്റെ സൂചനയാണ്.
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ സർക്കാർ സുരക്ഷകവചം തീർക്കുന്നെന്ന ആരോപണങ്ങൾക്കിടയിലാണ് പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ അൻവറിൻറെ പ്രത്യക്ഷ നീക്കം. ആർ.എസ്.എസുമായുള്ള അജിത്കുമാറിൻറെ കൂടിക്കാഴ്ച സംബന്ധിച്ച ഇൻറലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കാണാതെ പൂഴ്ത്തിയെന്നതാണ്, ശശിക്കെതിരെ അൻവർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയിൽ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി. ശശിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നെന്നും ഇതിൻറെ കാരണം അന്വേഷിക്കണമെന്നുമാണ് അൻവർ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ഇൻറലിജൻസ് റിപ്പോർട്ട് പൂഴ്ത്താൻ അജിത് കുമാറിനൊപ്പം ശശിയും ഒത്തുകളിച്ചെന്നതിലൂടെ ആർ.എസ്.എസ്-എ.ഡി.ജി.പി ചർച്ചയുടെ ഉത്തരവാദിത്തം ശശിക്കുമേൽ ചാർത്താനാണ് ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പ് അടക്കിവാഴുന്ന പി. ശശിയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള സി.പി.എമ്മിലെ ചരടുവലികളാണ് അൻവറിലൂടെ പുറത്തുവരുന്നതെന്ന വിലയിരുത്തലുണ്ട്. അതേസമയം, ഡൽഹിയിലുള്ള അൻവർ അടുത്ത ദിവസം മടങ്ങിയെത്തും.
എന്തായാലും, വെളിപ്പെടുത്തലുകൾക്ക് ചെറിയ ഇടവേളകൾ നൽകിയും സി.പിഎമ്മിന് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയും ചിലതൊക്കെ വിഴുങ്ങിയും പി.വി അൻവർ എം.എൽ.എ നടത്തുന്ന പോരാട്ടം തുടരുകയാണ്. ഭരണപക്ഷത്തെ യഥാർത്ഥ പ്രതിപക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്ന അൻവർ, പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ കേരളം മനസ്സിലാക്കുന്നത്.
ശശിയുടെ വിശ്വസ്തനും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എം.ആർ.അജിത് കുമാർ കൊടും കുറ്റവാളിയാണെന്ന അൻവറിൻ്റെ ആരോപണത്തിൻ്റെ കുന്തമുന ചെന്നു തറയ്ക്കുന്നതും ശശിയിലേക്ക് തന്നെയാണ്. പൊളിറ്റിക്കൽ സെക്രട്ടറി തികഞ്ഞ പരാജയമാണെന്നും മുഖമന്ത്രി ഏല്പിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ല എന്നും അൻവർ പറഞ്ഞുവച്ചു.
സിപിഎമ്മിൻ്റെ ചരിത്രത്തിൽ ഇന്നുവരെ പാർട്ടിയുടെ ഒരു എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിലെ ഉന്നതർക്കുമെതിരെ ഈ മട്ടിൽ ആരോപണം ഉന്നയിച്ചിട്ടില്ല. അൻവർ പാർട്ടി അംഗമല്ലെന്ന് പറഞ്ഞ് ഒഴിയാമെങ്കിലും അൻവർ തുറന്നുവിട്ട ഭൂതത്തിനെ ഉടനെയൊന്നും പിടിച്ചുകെട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ നേതൃത്വം ഒരുപാട് വിയർക്കേണ്ടി വരും.
അതേസമയം, കൃത്യം 13 വർഷം മുമ്പ്, ഇരുപതാം പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ്റെ വിശ്വസ്തനും ചാവേറുമായിരുന്ന ശശിക്കെതിരായ ഈ നടപടി പാർട്ടി സംവിധാനത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. വിഭാഗീയത കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് വി.എസ്. അച്യുതാതാനന്ദൻ്റെ കണ്ണിലെ കരടായിരുന്നു ശശി. അതിനാൽ സദാചാരവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശശിയെ രക്ഷിക്കാൻ പിണറായി വിജയൻ പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സിപിഎം എംഎൽഎയായിരുന്ന സി.കെ.പി. പത്മനാഭൻ്റെ ബന്ധു നല്കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരെ നടപടിയുണ്ടായത്.
എന്നാൽ, 2011ൽ പാർട്ടിയിൽ നിന്ന് പുറത്തായ ശശി 2022 ഏപ്രിൽ 19ന് വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തിരിച്ചെത്തി. പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശൻ സെക്രട്ടറിയേറ്റ് അംഗമായ ഒഴിവിലേക്കാണ് പിണറായി വിജയൻ ശശിയെ തിരിച്ചു കൊണ്ടുവന്നത്. കേരളത്തിലെ സിപിഎമ്മിൻ്റെ സമീപകാല ചരിത്രത്തിലൊന്നും പാർട്ടി പുറത്താക്കിയ ഒരാൾക്ക് ഇത്ര ഉന്നതമായ പദവി നല്കി തിരിച്ചെടുത്തതായി കേട്ടുകേൾവി പോലുമില്ല. എന്നാൽ ഇപ്പോൾ ശശിക്കെതിരെ അതീവ ഗുരുതരമായ ആക്ഷേപങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. അതിനാൽ തന്നെ വീണ്ടും പിണറായി രക്ഷകനാകുമോ എന്നാണ് അറിയേണ്ടത്. അൻവർ തിരക്കഥയെഴുതി ആടുന്ന നാടകം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അത് അറിയാൻ സാധാരണക്കാരെ പോലെ തന്നെ സിപിഎമ്മിലെ വലിയൊരു വിഭാഗം അണികളും നേതാക്കളും പോലും കാത്തിരിക്കുകയാണ്.