ലോകേഷ് കനകരാജ് സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ‘കൂലി’ 2025-ൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്. അടുത്ത വർഷം ജൂൺ മാസത്തിലേക്ക് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രജനികാന്ത് ‘ദേവ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ചിത്രത്തിൽ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. ദയാൽ എന്ന കഥാപാത്രമായി സൗബിനും എത്തും. പ്രീതി എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. രാജശേഖർ എന്ന കഥാപാത്രമായാണ് കൂലിയിൽ സത്യരാജ് എത്തുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് കൂലി. കലാനിധി മാരന്റെ സൺ പിക്ചേഴ്സ് ആണ് ഈ വമ്പൻ പ്രൊജക്ട് നിർമിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.