HealthKeralaNews

മലപ്പുറത്ത് വീണ്ടും നിപ്പ മരണമെന്ന് സംശയം

കഴിഞ്ഞയാഴ്ച്ച പെരിന്തൽമണ്ണയിൽ മരിച്ച 23 വയസ്സുകാരന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നിപ്പ വൈറസ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണ് ഈ യുവാവ് മരിച്ചത്. സെപ്റ്റംബർ 13ന്, അയച്ച സാംപിൾ മെഡിക്കൽ കോളേജിൽ നടത്തിയ പിസിആർ പരിശോധനയിൽ നിപ്പ വൈറസ് പോസിറ്റീവ് ആയതായി ഫലം ലഭിച്ചു. ഫലങ്ങളുടെ സ്ഥിരീകരണത്തിനായി സ്രവം പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു.

മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളുരുവിൽ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടിൽ എത്തി. പിന്നീട്, പനി ഉണ്ടാകുകയും, പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചതോടെ, പൂനൈ വൈറോളജി ലാബിൽ നിന്നുള്ള സ്രവ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഉന്നത തല സംഘം യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പും കബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.

പനി ബാധിച്ച യുവാവിന് ഛർദിയുണ്ടായിന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും യുവാവിനെ ചികിത്സയ്ക്കായി കൊണ്ടു പോയിരുന്നു. യുവാവുമായി സമ്പർക്കമുള്ള സഹോദരി, സുഹൃത്ത് എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂർ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട്. ഇവിടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *