Sports

സെഞ്ച്വറിയുമായി സഞ്ജു, വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ: Duleep Trophy2024

ദുലീപ് ട്രോഫിയിൽ പകരക്കാനായി എത്തിയ സഞ്ജു തകർത്തു കളിച്ചു. സഞ്ജുവിൻ്റെ ഇന്നിംഗ്സ് ” വിയർപ്പു തുന്നിയിട്ട കുപ്പായം ” എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. എത്രയൊക്കെ അവഗണിച്ചാലും ടീമിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഈ മലയാളി പയ്യൻ തിരിച്ചടിക്കാതിരിക്കില്ല. ആ തിരിച്ചടിയിൽ പിറന്നത് 95 പന്തില്‍ 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെ സഞ്ജുവിൻ്റെ സൂപ്പർ സെഞ്ച്വറി. 106.31 സ്‌ട്രൈക്ക് റേറ്റിലാണ് ഈ പ്രകടനം.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സെലക്ടര്‍മാരെ തൻ്റെ പേര് ഒരിക്കൽ കൂടി സഞ്ജു ഓർമ്മിപ്പിച്ചത്. പന്തുകളെ പക്വതയോടെ നേരിട്ട് ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായി. ഏറ്റവും അനിവാര്യമായ സമയത്താണ് റണ്‍മഴ തുടങ്ങിയത്. നവദീപ് സൈനിയുടെ പന്തിൽ 101 പന്ത് നേരിട്ട് 106 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ഉയരുന്ന വിമർശനങ്ങളും മറുപടിയും

സമീപകാലത്തെ സഞ്ജുവിൻ്റെ മോശം പ്രകടനങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമായിരുന്നു. സ്ഥിരതയില്ലെന്നും ഇന്ത്യൻ ടീമിൽ കയറാനുള്ള യോഗ്യതയില്ലെന്നുംവരെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യം ദുലീപ് ട്രോഫിക്ക് പരിഗണിച്ചില്ലെങ്കിലും ഇഷാന്‍ കിഷന് പരിക്കേറ്റപ്പോള്‍ പകരക്കാരൻ്റെ റോളില്‍ എത്തുകയായിരുന്നു സഞ്ജു.

ഇന്ത്യൻ ടീമിലേക്ക് തിരിച്ച് വരുമോ ?

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സെഞ്ച്വറി നേടിയ സഞ്ജുവിന് രണ്ടാം ടെസ്റ്റിലേക്ക് സാധ്യതയും കാണുന്നു. ഇതുവരെ ടെസ്റ്റിലേക്ക് വിളിയെത്താത്ത താരമാണ് സഞ്ജു. ശ്രേയസ് അയ്യരടക്കം ഡെക്കായ പിച്ചില്‍ സഞ്ജു സെഞ്ച്വറി നേടിയത് സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *