CrimeNational

രാമ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ എട്ട് പേര്‍ അറസ്റ്റില്‍

അയോധ്യ; അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ എട്ട് പ്രതികള്‍ അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരയായ പെണ്‍കുട്ടി കുറച്ച് കാലമായി രാമക്ഷേത്രത്തിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതാണ്. മാത്രമല്ല സമീപത്തെ കോളേജില്‍ ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്.

വന്‍ഷ്, വിനയ്, ഷാരിഖ്, ശിവ, ഉദിത് എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായതെങ്കിലും മൂന്ന് പേരെ പിന്നീട് പോലീസ് പിടിയിലാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ തടങ്കലില്‍ വയ്ക്കല്‍, ലൈംഗിക അതിക്രമം, കൂട്ടബലാത്സംഗം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 16 നും 25 നും ഇടയിലാണ് തനിക്കെതിരെ ബലാല്‍സംഗം നടന്നത്.

ഒന്നിലധികം ദിവസങ്ങളില്‍ തനിക്ക് ഇവരുടെ അതിക്രമം ഏല്‍ക്കേണ്ടി വന്നിരുന്നു. കേസിലെ മുഖ്യ പ്രതിയും അയോധ്യ ജില്ലയിലെ സഹദത്ഗഞ്ച് നിവാസിയുമായ വന്‍ഷ് ചൗധരിയെ തനിക്ക് നാല് വര്‍ഷമായി പരിചയമുണ്ടായിരുന്നുവെന്നും തന്നെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിനോദത്തിനായി കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

‘ആഗസ്റ്റ് 16 ന് അദ്ദേഹം എന്നെ ഒരു ഗസ്റ്റ് ഹൗസിലേക്കാണ് കൊണ്ടുപോയത്. അവിടെ ചെന്നപ്പോള്‍ തന്നെ തടവിലാക്കിയെന്നും അയാളും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് എന്നെ കൂട്ടബലാത്സംഗം ചെയ്തു, തുടര്‍ന്ന് എന്നെ ഉപദ്രവിക്കാനായി മൂന്ന് സുഹൃത്തുക്കളെ കൂടി അയാള്‍ വിളിച്ചുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ഉണ്ട്.

ഗസ്റ്റ് ഹൗസില്‍ നിന്ന് അവര്‍ എന്നെ ബന്‍വീര്‍പൂരിലെ ഒരു ബാരേജിലേക്ക് കൊണ്ടുപോയി വീണ്ടും ആക്രമിച്ചു. ആഗസ്റ്റ് 18 ന് അവര്‍ എന്നെ വിട്ടയച്ചുവെന്നും പീഡിപ്പിച്ച കാര്യം പുറത്ത് പറഞ്ഞാല്‍ എന്നെയും വീട്ടിലുള്ളവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഇര പറഞ്ഞു. മരണഭയം നിമിത്തം ഞാന്‍ ആ സംഭവം ആരോടും പറഞ്ഞിരുന്നില്ല.

എന്നാല്‍ ഓഗസ്റ്റ് 25 ന് ക്ഷേത്രത്തില്‍ പോകുമ്പോള്‍ വന്‍ഷ് എന്നെ തട്ടിക്കൊണ്ടുപോയി. ഉദിത് കുമാര്‍ സത്രം ചൗധരി എന്നിങ്ങനെ രണ്ട് പേരും അയാള്‍ക്കൊപ്പം കാറില്‍ വച്ച് അവര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു, പക്ഷേ കാര്‍ ഒരു ഡിവൈഡറില്‍ ഇടിച്ചതിനാല്‍ എനിക്ക് അവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപോകാന്‍ പറ്റിയെന്നും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി.

കുറ്റകൃത്യം നടന്നുവെന്ന് പെണ്‍കുട്ടി പറയുന്ന സ്ഥലങ്ങള്‍ ക്ഷേത്രനഗരത്തിലെ അതീവ സുരക്ഷാ മേഖലകളാണ്. ആഗസ്റ്റ് 26നാണ് താന്‍ ആദ്യം പോലീസില്‍ പോയതെന്നും എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പെണ്‍കുട്ടി പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കുകയും അന്വേഷണത്തിന് ശേഷം സെപ്റ്റംബര്‍ 2 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒടുവില്‍ എട്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ കോടതിയില്‍ നിന്ന് ജയിലിലേക്ക് അയച്ചുവെന്നും അയോധ്യയിലെ കാന്റ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അമ്രേന്ദ്ര സിംഗ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *