തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. തിരിച്ചുപിടിക്കാൻ ശ്രമം തുടരുന്നു. കെ സുധാകരൻ എംപിയുടെ സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ആയതായി ഇന്ദിരാ ഭവനിൽ നിന്ന് സ്ഥിരീകരണം. എംപിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത് ആരാണെന്ന വിവരം ലഭ്യമല്ല. തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുന്നതായാണ് വിവരം. സുധാകരൻ്റെ വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.
അതേസമയം അക്കൗണ്ട് ഹാക്കിങ് കെപിസിസി അധ്യക്ഷന്മാർക്ക് നേർക്ക് നടക്കുന്ന കൂടോത്ര കളികളുടെ തുടർച്ചയാണോ എന്നാണ് രാഷ്ട്രീയ എതിരാളികളുടെ പരിഹാസം. കണ്ണൂരിലെ സുധാകരൻ്റെ വീട്ടിൽ നിന്ന് കൂടോത്രം പോലെയുള്ള വസ്തുക്കൾ കണ്ടെടുത്തിരുന്നു. മന്ത്രങ്ങൾ എഴുതിയ തകിടുകളും കാലിൻ്റെയും ഉടലിൻൻ്റെയും തലയുടെയും മറ്റും രൂപത്തിലുള്ള തകിടുകളും, തെയ്യത്തിൻറെ രൂപവുമെല്ലാം കണ്ടെടുത്ത കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഇത് പാർട്ടിക്കുള്ളിലെ കുത്തിത്തിരുപ്പിൻ്റെ തുടർച്ചയാണെന്നായിരുന്നു ഇടത് പ്രൊഫൈലുകൾ അന്ന് പരിഹസിച്ചത്. ഇപ്പോൾ എംപിയുടെ അക്കൗണ്ട് ഹാക്ക് ആവുന്നതോടെ എന്തൊക്കെയാണ് പിന്നാലെ കണ്ടെത്താൻ ഇരിക്കുന്നത് എന്നുകൂടി അറിയണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.