നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് മൂന്ന് കാലഘട്ടത്തിന്റെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അജയന്റെ രണ്ടാം മോഷണം’ വ്യാഴാഴ്ച (സെപ്റ്റംബര്‍ 12) തീയറ്ററുകളിലെത്തി. അജയന്‍, കുഞ്ഞികേളു, മണിയന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.
മൂന്നു നായികമാരുള്ള ചിത്രത്തില്‍ മാണിക്യം എന്ന കഥാപാത്രത്തെയായിരുന്നു സുരഭി സിനിമയില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മണിയന്‍ എന്ന ടൊവിനോയുടെ കഥാപാത്രത്തിന്റെ ജോഡിയായാണ് സുരഭി ലക്ഷ്മി എത്തിയത്.
സിനിമയില്‍ മാണിക്യത്തിന് കളരി ചെയ്യേണ്ട ആവശ്യമില്ലെങ്കിലും കഥാപത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി കളരി പഠിച്ചെന്നും ബ്ലാക്ക് മാജിക് പോലയുള്ളവയെ കുറിച്ച് കൂടുതലായും മനസിലാക്കിയെന്നും സുരഭി പറയുന്നു. വണ്ടര്‍ വാള്‍ മീഡിയ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
എനിക്ക് ഈ സിനിമയില്‍ കളരി കാണിക്കാനോ അങ്ങനെ ഒന്നും ഇല്ല. പക്ഷെ ഞാന്‍ അതിന് വേണ്ടിയിട്ട് കളരി പഠിക്കാന്‍ തുടങ്ങി. പിന്നെ ബ്ലാക്ക് മാജിക് പോലെയുള്ള കാര്യങ്ങളെ കുറിച്ച് പഠനം നടത്തി. ടോവിനോയുടെ കൂടെ സംഭാഷണങ്ങളും ജോയിന്റ് പ്രവർത്തനങ്ങളും എല്ലാം ചെയ്തതിന് ശേഷമാണ് മാണിക്യം എന്ന കഥാപാത്രം അതിന്റെ പൂർണതയിലേക്ക് എത്തിയതെന്നും സുരഭി പറഞ്ഞു.
സ്‌ക്രീനില്‍ ചിലപ്പോള്‍ ഞാന്‍ ഈ പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് കാണാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ അത് വിശ്വസിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കത് അത്രയും വിശ്വസിക്കാന്‍ കഴിയുകയുള്ളു. മാത്രവുമല്ല സുരഭി എന്നൊരു വ്യക്തിയും അതില്‍ ഉണ്ടാകാന്‍ പാടില്ല. എത്ര ആഴത്തിലാണോ മാണിക്യം എന്റെ അകത്തു കയറുന്നത് അതെ ആഴത്തില്‍ എനിക്ക് നിങ്ങളുടെ മുന്നിലും എത്താന്‍ കഴിയും,’ എന്നും സുരഭി ലക്ഷ്മി പറയുന്നു.
‘അജയന്റെ രണ്ടാം മോഷണം’സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നതിനൊപ്പം സുരഭി ലക്ഷ്മിയുടെ പ്രകടനത്തിന് ഏറെ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.