CrimeNationalNews

ഫാംഹൗസ് പാര്‍ട്ടിയില്‍ സിന്തറ്റിക് ലഹരി ഒഴുക്കി; നടി ഹേമ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കുറ്റപത്രം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാര്‍ട്ടിയില്‍ ലഹരിമരുന്നു പിടിച്ച കേസില്‍ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉള്‍പ്പെടെയുള്ള 9 പേര്‍ക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹേമയെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. മേയ് 19ന് സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ നടന്ന റെയ്ഡില്‍ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്ത 103 പേരുടെയും മൂത്ര സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നടിമാരായ ഹേമ, ആഷി റോയ് എന്നിവര്‍ ഉള്‍പ്പെടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവരെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെടെ പങ്കെടുത്ത നിശാപാര്‍ട്ടിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍. ഫാംഹൗസിലാണ് ഹൈദരാബാദ് സ്വദേശി ജന്മദിനാഘോഷമെന്നപേരില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതില്‍ 103 പേരാണ് പങ്കെടുത്തത്.

1,086 പേജുകളുള്ള കുറ്റപത്രത്തില്‍ വാസുവും , ചിറ്റൂര്‍ ജില്ലയിലെ ദന്തഡോക്ടര്‍ രണധീര്‍ ബാബു, കോറമംഗലയില്‍ നിന്നുള്ള അരുണ്‍കുമാര്‍, നാഗബാബു, മുഹമ്മദ് അബൂബക്കര്‍, നൈജീരിയന്‍ സ്വദേശി അഗസ്റ്റിന്‍ ദാദ എന്നിവരുള്‍പ്പെടെ ഒമ്പത് പേരാണ് റേവ്പാര്‍ട്ടിയുടെ സംഘാടന ചുമതലയുണ്ടായിരുന്നവര്‍. മയക്കുമരുന്ന് ഉപയോഗത്തിന് പിഴ ചുമത്തുന്ന നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ സെക്ഷന്‍ 27 (ബി) പ്രകാരമാണ് ഹേമയ്ക്കും മറ്റ് 78 പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

റെയ്ഡില്‍ എംഡിഎംഎ ഗുളികകള്‍, എംഡിഎംഎ ക്രിസ്റ്റലുകള്‍, അഞ്ച് ഗ്രാം കൊക്കെയ്ന്‍, കൊക്കെയ്ന്‍ ചേര്‍ത്ത 500 രൂപ നോട്ട്, ആറ് കിലോഗ്രാം ഹൈഡ്രോ ഗഞ്ച, അഞ്ച് മൊബൈല്‍ ഫോണുകള്‍, രണ്ട് ആഡംബര കാറുകള്‍, ഡിജെ ഉപകരണങ്ങള്‍ എന്നിവ സിസിബി പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *