NationalNews

സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കള്‍.

2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചും വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായും യെച്ചൂരി പാര്‍ലമെന്റില്‍ മികവുറ്റ ഇടപെടലുകള്‍ നടത്തി. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സുപ്രധാന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004 ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. യുപിഎ-ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു. 2014 മുതല്‍ ബിജെപി സര്‍ക്കാരിനെതിരായ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിലും നേതൃത്വം നല്‍കിയിരുന്നു.

വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. സീതാ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന യെച്ചൂരി എസ്എഫ്‌ഐയിലൂടെയാണ് സിപിഎം രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1974 ല്‍ എസ്.എഫ്.ഐയില്‍ അംഗമായ യെച്ചൂരി വൈകാതെ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസില്‍ ബിരുദാനന്തരബിരുദം നേടി. പി.എച്ച്.ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനായില്ല.

1974ല്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നത്. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. ജെഎന്‍യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി.

മൂന്നു തവണ യച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടികോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയായി.

Leave a Reply

Your email address will not be published. Required fields are marked *