ജീവനെടുക്കുന്ന അനധികൃത ലോൺ ആപ്പുകൾ; നിയന്ത്രിക്കാനാകാതെ ഭരണകൂടം

ഈട് വേണ്ടെന്ന വാഗ്‌ദാനം നൽകുമ്പോഴും വായ്പ്പ എടുക്കുന്നവരുടെ സ്വകാര്യതയാണ് ഈ ആപ്പുകൾ കൈക്കലാക്കുന്നത്.

loan app

ഇന്ത്യയിൽ അനധികൃത ലോൺ ആപ്പുകൾ പിടി മുറുക്കുന്നു. നിരവധി സാധാരണക്കാർ ലോൺ ആപ്പുകളുടെ കെണിയിൽ അകപ്പെട്ട റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. പലർക്കും ലോൺ ആപ്പുകളുടെ ഭീഷണിയും സമ്മർദവും താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരെ റിപ്പോർട്ട് ചെയ്തിരുന്നു.

പെരുമ്പാവൂരിൽ കഴിഞ്ഞ മാസം യുവതി ജീവനൊടുക്കാൻ കാരണം ലോൺ ആപ്പുകളുടെ സമ്മർദമാണെന്നായിരുന്നു പൊലീസ് നിഗമനം. 31 വയസുള്ള ആരതി എന്ന യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഫോണിൽ നിന്ന് ലോൺ ആപ്പുകളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

ഈ വർഷം മേയിൽ ആന്ധ്രാ പ്രദേശിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് വംശി എന്ന വിദ്യാർത്ഥി കൃഷ്ണ നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ലോൺ വളരെ വേഗം കിട്ടുന്നതും, ഈട് നൽകേണ്ട എന്നതുമാണ് സാധാരണക്കാരെ ലോൺ ആപ്പ് സംഘത്തിൻറ്റെ കെണിയിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ ലോൺ ആപ്പുകൾ മൊബൈലിലെ വിവരങ്ങൾ കൈക്കലാക്കുകയും ഇത് വെച്ച് സമൂഹത്തിൽ അപമാനിക്കാനും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണ്. ഈട് വേണ്ടെന്ന വാഗ്‌ദാനം നൽകുമ്പോഴും വായ്പ്പ എടുക്കുന്നവരുടെ സ്വകാര്യതയാണ് ഈ ആപ്പുകൾ കൈക്കലാക്കുന്നത്. ഉയർന്ന പലിശ നിരക്ക് കൂടിയാകുമ്പോൾ പലർക്കും തുക തിരിച്ചയക്കാൻ കഴിയാതെ വരുന്നതാണ് ഭീഷണിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്.

ഇന്ത്യയിലേതിന് സമാനമായി ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ കുരുങ്ങി ഫിലിപ്പീന്‍സിലെ സാധാരണ ജനങ്ങളും വലയുന്നു എന്ന വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ആപ്പുകള്‍ വഴി ചെറിയ തുകകള്‍ ലോണ്‍ എടുത്തവർക്ക് പോലും ദിവസേന നൂറുകണക്കിന് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരു ലോൺ എടുത്തത് തിരിച്ചടയ്ക്കാൻ കഴിയാതെ മറ്റൊരു ലോൺ കൂടി എടുക്കാൻ നിർബന്ധിതരാകുന്നതോടെ കടക്കെണിയിൽ വീഴുന്നവരും ചുരുക്കമല്ല. എന്നാൽ അനധികൃത ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ലോൺ ആപ്പുകൾ നിയന്ത്രിക്കുന്നത് രാജ്യത്തിന് പുറത്തുനിന്ന് ആയതിനാൽ അന്വേഷണത്തിന് പരിമിതികൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

സൈബർ ക്രൈമുകൾക്ക് ഇരയാകുന്നവർക്ക് ദേശീയ സൈബർ സുരക്ഷാ വകുപ്പിൻറ്റെ 1930 എന്ന നമ്പറിൽ പരാതി നൽകാവുന്നതാണ്. കേരള സർക്കാർ ലോൺ ആപ്പ് ഫ്രോഡ് പരാതികൾ റിപ്പോർട്ട് ചെയ്യാൻ 9497980900 എന്ന വാട്ട്സ്ആപ്പ് നമ്പറും ഒരുക്കിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments