എറണാകുളം: മോട്ടർ വാഹനങ്ങളിൽ ഇനി മുതൽ കൂളിംഗ്ഫിലിം പതിപ്പിക്കാമെന്ന ഉത്തരവുമായി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി ആയിരിക്കും കൂളിങ് ഫിലിം പതിപ്പിക്കാൻ കഴിയുക. ഇതിൻ്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എൻ.നഗരേഷ് ആണ് ഉത്തരവ് പുറത്തിറക്കിയത്. മോട്ടർ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റി ഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ൻ്റെ ഭേദഗതി അനുവദിക്കുന്നുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൻ്റെ 2019ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിൻ്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റി ഗ്ലേസിംഗിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപിലും പിറകിലും 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങൾ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.