ബംഗളൂരു: ജര്‍മന്‍ കമ്പനിയായ ഫ്‌ളിക്‌സ് ബസ് ദക്ഷിണേന്ത്യയിലും ബസ് സര്‍വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 10 മുതലാണ് വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. നാളിതുവരെ 40 രാജ്യങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ചാണ് ജര്‍മന്‍ കമ്പനി ഇന്ത്യയിലേക്ക് ചുവടുറപ്പിക്കാനായി എത്തുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്.
ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂർ, മധുരൈ,തിരുപ്പതി, വിജയവാഡ, ബെലഗാവി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരെ ആകര്‍ഷിക്കാനായി ബംഗളൂരുവില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് 99 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന പ്രത്യേക ഓഫറും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി സര്‍വീസുകള്‍ കമ്പനിയുടെ പദ്ധതിയിലുണ്ട്. ഇന്ത്യയിലെ 100ല്‍ അധികം നഗരങ്ങളില്‍ സര്‍വീസ് വൈകാതെ ആരംഭിക്കാനാണ് ഫ്‌ളിക്‌സ്ബസ് ലക്ഷ്യമിടുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളാണ് സര്‍വീസ് നടത്താനായി എത്തിക്കുന്നത്. യാത്രക്കാര്‍ക്ക് ഒരേസമയം സുഖകരവും സുരക്ഷിതവുമായ യാത്ര സമ്മാനിക്കുകയെന്നതാണ് ഫ്‌ളിക്‌സ്ബസ് ലക്ഷ്യമിടുന്ന പ്രധാനപ്പെട്ട കാര്യം. മികച്ച സൗകര്യങ്ങളും സുരക്ഷയും ഒരുമിച്ച് ലഭിക്കുമ്പോൾ അത് കൂടുതല്‍ ആളുകളിലേക്ക് വളരെ പെട്ടെന്ന് എത്തിപ്പെടുന്നതിന് സഹായകമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. എല്ലാ സീറ്റുകളിലും സീറ്റ്‌ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ബസുകളില്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ഇതിന് മുൻപ് സര്‍വീസ് നടത്തിയിരുന്നില്ല. എന്തായാലും ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ മെച്ചപ്പെട്ട യാത്രാ സൗകര്യം വരുമ്പോൾ അത് മലയാളികള്‍ക്ക് ഉള്‍പ്പെടെ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കമ്പനിക്ക് തന്നെ സ്വന്തമായി വെബ്‌സൈറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.