
ന്യൂ ഡല്‍ഹി: അദാനിയുടെ ചൈനീസ് നിക്ഷേപം രാജ്യസുരക്ഷയെ ദോഷമായി ബാധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും അപകടത്തിലാക്കുന്ന നിക്ഷേപം ആയി അദാനി കമ്പനിയുടെ നിക്ഷേപം മാറുമെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാവിൻറെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് കമ്യൂണിക്കേഷൻസ് വിഭാഗം ജനറല്‍ സെക്രട്ടറിയാണ് ജയ്റാം രമേശ്.
പ്രധാനമന്ത്രിയുടെ ചില പ്രത്യേക സൗഹൃദങ്ങള്‍ കാരണം രാജ്യസുരക്ഷയും പരമാധികാരവും ഇന്ത്യ ത്യജിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്ത്യയുടെ വിദേശനയം അദാനി ഗ്രൂപ്പിന്‍റെ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വിധേയമാക്കുന്നത് ആഗോളതലത്തില്‍ രാജ്യത്തെ വൻ തിരിച്ചടികളിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈ ചെയിൻ സൊല്യൂഷനും പ്രോജക്റ്റ് മാനേജ്മെന്‍റ് സേവനങ്ങളും നല്‍കുന്ന ബിസിനസിനായി അദാനി ഗ്രൂപ് ചൈനയില്‍ അനുബന്ധ കമ്പനി രൂപീകരിക്കുന്ന വാർത്തക്ക് പിന്നാലെയാണ് ജയറാം രമേശ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
അദാനി ചൈനയിൽ നിക്ഷേപം നടത്താൻ പദ്ധതി ഇട്ടതോടെ ചൈനക്ക് 2020 ൽ പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നല്‍കി. ഇത് പദവിയുടെ പവിത്രത ഇല്ലാതാക്കിയ സംഭവമായിരുന്നു. ഇത് ഇന്ത്യൻ അതിർത്തിയിൽ കയ്യേറ്റം തുടരാൻ ചൈനയ്ക്ക് നൽകിയ അനുമതി ആയി മാറി. അനിയന്ത്രിതമായ ചൈനീസ് ഇറക്കുമതി, നിക്ഷേപം, കുടിയേറ്റം എന്നിവയുടെ അപകടസാധ്യതകളില്‍ സർക്കാർ അശ്രദ്ധരായി.
കെനിയയിൽ അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന പ്രതിക്ഷേധം ഇന്ത്യക്ക് എതിരെയായി മാറാൻ സാധ്യത ഉണ്ടെന്ന് ജയറാം രമേശ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതോടൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അദാനി പ്രോജക്റ്റുകൾ എങ്ങനെ ഇന്ത്യയുടെ വിദേശ താല്പര്യങ്ങളെ ദോഷമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.